ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീം കോടതിയിൽ മാപ്പു പറഞ്ഞു. കോടതിയെയോ, ജൂഡീഷ്യറിയെയോ അപമാനിക്കാൻ ശ്രമിച്ചായിരുന്നില്ല താൻ പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ജേക്കബ് തോമസിന്റെ മാപ്പപേക്ഷ പരിഗണിച്ച കോടതി,  ജേക്കബ് തോമസിനെ ശിക്ഷിക്കാതെ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചു.  അഴിമതി കേസിൽ കേരള ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്.

വിജിലന്‍സ് വകുപ്പിനെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളെ അഴിമതിയുടെ ഭാഗമായി ചിത്രീകരിച്ചതാണ് ജേക്കബ് തോമസിന് വിനയായത്. പാറ്റൂര്‍ അഴിമതി കേസ് പരിഗണിച്ച ഘട്ടത്തില്‍, കേരള ഹൈക്കോടതി ജസ്റ്റിസുമാരായ പി ഉബൈദും എബ്രഹാം മാത്യുവും നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ എടുത്തുകാണിക്കുകയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയും അന്വേഷണസംഘത്തിനെതിരെയും കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരുടെ പരാമർശത്തിനെതിരെ,  ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷനെ സമീപിച്ചു. ജസ്റ്റിസുമാർക്ക് എതിരെ അന്വേഷണം നടത്താൻ കേന്ദ്ര വിജിലൻസ് കമ്മിഷന് അധികാരം ഇല്ല. ഇതോടെ ജുഡീഷ്യറിക്കെതിരെ പരാതി അയച്ചത് ക്രിമിനൽ കോടതിയലക്ഷ്യമാണ് ഹൈക്കോടതി നിരീക്ഷിക്കുകയും കേസെടുക്കുകയുമായിരുന്നു.

പാറ്റൂര്‍ ഭൂമി ഇടപാട്, ഇ.പി. ജയരാജന്‍ ആദ്യം മന്ത്രിയായിരിക്കെ ഉയര്‍ന്നുവന്ന ബന്ധുനിയമന കേസ് തുടങ്ങിയവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജസ്റ്റിസുമാരുടെ മുന്നില്‍ ഈ തെളിവുകൾ സമർത്ഥിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്നും, ഇതിനാല്‍ കേസ് ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നുമാണ് പരാതിയിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.