ന്യൂഡൽഹി: ഒരു അഡാറ് ലവ് നായിക പ്രിയ പ്രകാശ് വാര്യർക്കെതിരെ തെലങ്കാന പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. തെലങ്കാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു. “ആരോ സിനിമയിൽ ഒരു പാട്ടുപാടി, അതിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നു, നിങ്ങൾക്ക് വേറെ പണിയില്ലേ?” എന്നാണ് തെലങ്കാന സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിമർശനം.
‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി…’ എന്ന ഗാനം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉന്നയിച്ച് തെലങ്കാനയിലെ മുസ്‌ലിം സംഘടനയിലെ കുറച്ചുപേര്‍ നല്‍കിയ പരാതിയിലാണ് തെലങ്കാന പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഈ എഫ്ഐആറിന് എതിരെ പ്രിയ വാര്യരും സംവിധായകൻ ഒമർ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ എഫ്ഐആർ ആണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രിയയ്ക്കെതിരെ രംഗത്തു വന്നത്. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന്റെ പശ്ചാത്തലം മതവികാരങ്ങളെ അവഹേളിക്കുന്ന തരത്തിലാണെന്നായിരുന്നു ഇവരുടെ ആരോപണം.
പ്രിയയ്ക്കെതിരെയുള്ള കേസിനൊപ്പം തന്നെ, സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.