ന്യൂഡൽഹി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ജിഷ്ണു പ്രണോയ് കേസിലും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർഥിയെ മർദ്ദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. രണ്ടു കേസിലും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി.

കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നും ഉത്തരവിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തില്‍ പ്രവേശിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ജിഷ്ണു കേസില്‍ സിബിഐ രണ്ടാഴ്ച്ചയ്ക്കകം നിലപാട് അറിയിക്കണം. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കേസിൽ നെഹ്റു കോളേജ് വൈസ് പ്രിൻസിപ്പൽ എൻകെ ശക്തിവേൽ, പരീക്ഷാ നിരീക്ഷകനായിരുന്ന സി.പി പ്രവീൺ, സഹായി ഡിബിൻ എന്നിവരാണ് മുഖ്യപ്രതികൾ. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ ഗൗരവമേറിയ കേസാണിതെന്നും കോടതി നിരീക്ഷിച്ചു. കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിച്ചാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ