കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനു വേണ്ടി ഹൈക്കോടതിയിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാജരാകും. തമിഴ്‌നാട് സ്വദേശി കെ.വി.വിശ്വനാഥനാണ് മോഹൻലാലിനു വേണ്ടി ഹാജരാവുന്നത്.

മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നതിന് മോഹൻലാൽ ഹൈക്കോടതിയുടെ സാവകാശം തേടിയിട്ടുണ്ട്. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഡിസംബർ ആറിന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും മോഹൻലാൽ കോടതിയെ അറിയിച്ചു.

മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ ആളും പെരുമ്പാവൂർ കോടതിയിലെ കേസിലെ രണ്ടാം പ്രതിയുമായ കെ. കൃഷ്‌ണകുമാർ മരിച്ചതായി മോഹൻലാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Read Also: ഒരു വേദി, ആറു സിനിമകൾ, ഒരൊറ്റ മോഹൻലാൽ

മോഹൻലാലിന്റെ വസതിയിൽനിന്നു പിടികൂടിയ ആനക്കൊമ്പുകൾ കൈവശം വയ്‌ക്കാൻ മുഖ്യവനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് എ.എം.ഷെഫീഖും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹൻലാൽ അടക്കമുള്ളവർക്ക് കോടതി സമൻസയക്കുകയും ചെയ്‌തിരുന്നു. വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച ഒക്കറൻസ് റിപ്പോർട്ട് ക്രിമിനൽ കേസായി പരിഗണിച്ചാണ് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചത്.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബർ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.