കൊല്ലം: കേരളം ഒരു കാലത്ത് ഉയർത്തിപ്പോന്നിരുന്ന ശാസ്ത്രാവബോധം കൈമോശം വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്ഷയതൃതീയ, മാന്ത്രിക ഏലസ്, ബാധ ഒഴിപ്പിക്കല്‍, കമ്പ്യൂട്ടര്‍ ജാതകം തുടങ്ങി പലതും നമ്മുടെ നാട്ടില്‍ പടര്‍ന്ന് പിടിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞ് മാന്ത്രിക മോതിരം നമ്മുടെ നാട്ടില്‍ വ്യാപകമായി വില്‍ക്കുന്നുണ്ടെന്നും പറഞ്ഞു.

പുതു തലമുറയെ യുക്തിരഹിതമാക്കാൻ ബോധപൂർവം നടത്തുന്ന ശ്രമമാണിത്. രാമായണ-മഹാഭാരത കഥാ സന്ദർഭങ്ങൾക്ക് ശാസ്ത്രീയ പശ്ചാത്തലവും തെളിവും നൽകാൻ അക്കാദമിസ്റ്റുകൾ പോലും ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊല്ലത്ത് ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് പുതിയ ആശയത്തിന് നേര്‍ക്കും മനസ് തുറന്ന് വച്ച്, അവ പരീക്ഷണ വിധേയമായി സ്വീകരിക്കുന്ന പതിവ് നല്ലൊരു വിഭാഗം മലയാളികളും പുലര്‍ത്തിവന്നിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലടക്കം പല വികസന സൂചികകളിലും കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മലയാളിയുടെ അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, തെളിവ് ആവശ്യപ്പെടാനുള്ള ദൃഢനിശ്ചയം, പരീക്ഷണ വ്യഗ്രത ഇവയൊക്കെ ഇപ്പോള്‍ പഴങ്കഥയായി. ഇത് ഇനിയും തുടരാൻ പാടില്ല. അതിന്റെ വലിയ ചുമതല ശാസ്ത്രസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ അവര്‍ക്ക് മാത്രമേ സാധിക്കൂ. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റുവിന് പ്രേരണയായത് ഇതാണ്. നെഹ്റുവിന് ശേഷം ഇന്ദിരാഗാന്ധി ശാസ്ത്രാവബോധം പൗരന്റെ ചുമതലയാക്കി മാറ്റിയെന്നും എന്നാലിപ്പോൾ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും ശാസ്ത്രചിന്തകൾക്ക് പകരം മണ്ടത്തരങ്ങളാണ് കൈയ്യും കണക്കുമില്ലാതെ പുറത്ത് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൗരവര്‍ ജനിച്ചത് ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയിലൂടെയാണ്, കര്‍ണന്റെ ജനനം ജനിതക ശാസ്ത്രത്തിന്റെ ഉദാഹരണമാണ്, പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗണപതി തുടങ്ങിയ അബദ്ധങ്ങളുടെ പൂരം, അറിവില്ലാതെ നടത്തുന്ന പ്രസ്താവനയാണെന്ന തെറ്റിദ്ധാരണ വേണ്ട. വളര്‍ന്ന് വരുന്ന തലമുറയെ യുക്തിരഹിതമാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.