മാനന്തവാടി: താൻ താമസിക്കുന്ന കാരയ്ക്കാമല മഠത്തിലെ മദർ സുപ്പീരിയർ ഇന്ന് രാവിലെ 8.35ന് തന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു.

sister lucy kalapura, nun, iemalayalam

സിസ്റ്റർ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

തന്നെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 19നായിരുന്നു ഈ സംഭവം. തുടർന്ന് പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. സംഭവത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.

Read More: ‘ഇതാണ് സഭായിലെ നീതി’; ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര

മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

Read More: പുറത്തു പോകേണ്ടി വന്നാൽ വെറുതെ ഇറങ്ങില്ല; സിസ്റ്റർ ലൂസി അന്ന് പറഞ്ഞത്

ഇക്കഴിഞ്ഞ മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. പത്ത് ദിവസത്തിനകം പുറത്ത് പോകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.