കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി ഇന്ന് കഴിയുന്നതോടെ പ്രതിയായ സുനില്‍കുമാറിനെ അങ്കമാലി കോടതിയിലെത്തിച്ചു. വന്‍ പൊലീസ് സംരക്ഷണയിലാണ് സുനിലിനെ കോടതിയിലെത്തിച്ചത്. ‘വന്‍ സ്രാവുകള്‍ക്ക് ഒപ്പമാണ് നീന്തുന്നത്’ എന്നാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. അഡ്വ. ബിഎ ആളൂരാണ് സുനിലിന് വേണ്ടി വക്കാലത്ത് എടുക്കാനെത്തിയത്.

അഞ്ചു വർഷം  മുമ്പ് നടന്ന മറ്റൊരു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് പഴയ കേസും അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച പരാതിയിൽ നേരത്തെ  കേസെടുത്തിരുന്നില്ല.
യുവനടിക്ക് നേരെ ഉണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് നിർമാതാവായ സുരേഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കൊച്ചിയില്‍ വച്ചാണ് ഇയാള്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നടിയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൾസർ സുനി അന്ന് ജോണി സാഗരികയുടേയും ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലില്‍ പോകാനായി പള്‍സര്‍ സുനിയുടെ വണ്ടിയില്‍ കയറിയ നടിയെ ഇയാള്‍ ഹോട്ടലിലെത്തിക്കാതെ വാഹനത്തില്‍ ഇരുത്തി കറങ്ങി.

റമഡാന്‍ ഹോട്ടലില്‍ പോകുന്നതിന് പകരം ടെമ്പോ പലതവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന നടി ഫോണില്‍ സുരേഷിനെ വിവരമറിയിച്ചു. എന്താണ് ഇങ്ങനെ കിടന്നു കറങ്ങുന്നത് എന്ന് നടി ചോദിച്ചപ്പോള്‍ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കിയെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തുന്നു. നടിയ്ക്ക് ഒപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെയാണ് പള്‍സര്‍ സുനി ലക്ഷ്യം വെച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ