കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനിടെ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. നടിയെ ആക്രമിച്ചതിന്റെ ക്വട്ടേഷന്‍ തന്നത് ആരാണെന്ന് വെളിപ്പെടുത്തല്‍ നടത്തിയതിനാണ് താൻ ഇതൊക്കെ അനുഭവിക്കുന്നത്. തന്റെ മരണമൊഴിയെടുക്കാൻ വരുന്നതിന് മജിസ്ട്രേട്ടിനോട് പറയണമെന്നും സുനില്‍ പറഞ്ഞു.

വൈദ്യപരിശോധനയ്ക്ക് ശേഷം കൊണ്ടുവരുന്നതിനിടെയാണ് സുനില്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ നാദിര്‍ഷായേയും ദിലീപിന്റെ മാനേജരേയും ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന്  സുനില്‍കുമാര്‍ സമ്മതിച്ചിട്ടുണ്ട്. നാല് തവണയാണ് ഫോണ്‍ വിളിച്ചത്. പണത്തിന് വേണ്ടിയാണ് ഇരുവരേയും വിളിച്ചതെന്നും കത്തിലെ വിവരങ്ങളെല്ലാം സത്യമാണെന്നും സുനി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂർണമായും ഇപ്പോൾ വേണ്ടെന്നും പറഞ്ഞു. അഞ്ചു മാസം കൊണ്ട് തന്ന് തീർത്താൽ മതിയെന്നും നാദിർഷയോടും അപ്പുണ്ണിയോടും പറഞ്ഞിരുന്നുവെന്നും പൾസർ സുനിൽ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ സുനിയേയും നാദിര്‍ഷായേയും അപ്പുണ്ണിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നതെന്നാണ് വിവരം.

സുനി ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ ദിലീപിനോട് പണം ആവശ്യപ്പെടുന്നുണ്ട്. വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. “എന്റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണം – കത്തില്‍ എഴുതിയിരുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറിയിരുന്നു.

കേസിൽ ഉൾപ്പെട്ടവരുമായി ബന്ധമുള്ളവരുടെയല്ലാം പൊലീസ് മൊഴിയെടുക്കുന്നുണ്ട്. താരങ്ങളുടെ മൊഴികളിലെ വ്യക്തതകൾക്കായാണ് അന്വഷണ പൾസർ സുനിയെ പുറത്തെത്തിച്ചത്. അന്വഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സർക്കാരിന്റെ അനുമതിയും തേടി.. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്നുമാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ