തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. കോട്ടയം ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, മുട്ടമ്പലം എന്നിവിടങ്ങളിലാണ് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിര്‍മാണ തൊഴിലാളികള്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്.

Read More: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

2019 മാർച്ച്‌ 28 വരെ കേരളത്തിൽ ഉയർന്ന താപനിലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്ന പാശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.