തിരുവനന്തപുരം: സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നു. 28ാം തിയ്യതി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31 ആം തിയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ ഇനിയും മൂന്ന് ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

തുടരുന്ന കൊടും ചൂടില്‍ ബുധനാഴ്ച മാത്രം 46 പേര്‍ക്കാണ് സൂര്യതാപമേറ്റത്. രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാല്‍ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.

Read More: ചൂട് കനക്കുന്നു: സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റത് അറുപതോളം പേര്‍ക്ക്

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. എട്ടുപേര്‍ക്കാണ് ജില്ലയില്‍ സൂര്യതാപമേറ്റത്. കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ചു പേര്‍ക്കും വീതമാണ് സൂര്യതാപമേറ്റത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേകം സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

പാലക്കാട് തുടര്‍ച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.