തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വേനൽ മഴ കുറയും. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടെ ഒറ്റപ്പെട്ട മഴ തുടരും. മലയോര മേഖലയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മേയ് 5 മുതൽ മേയ് 7 കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
അതിനിടെ, ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറും. ന്യൂനമർദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ കനത്തേക്കും. സംസ്ഥാനത്തെ മഴയുടെ മൊത്തം കണക്കെടുത്താൽ മാർച്ച് മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയുടെ അളവിൽ ശരാശരിയേക്കാൾ 1 % അധികം ലഭിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലാണ് അധിക മഴ ലഭിച്ചത്.