തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഉയര്‍ന്ന താപനില ഉണ്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തിലായിരിക്കും ഉയര്‍ന്ന താപനില ഉണ്ടാകാന്‍ സാധ്യതയുള്ളത്. മാര്‍ച്ച് ഒന്ന് മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് നാല് മുതല്‍ 10 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഈ വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസി കേന്ദ്രത്തില്‍ രേഖപ്പെടുത്തി. മൂന്നുദിവസമായി പാലക്കാട് 39 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടിരുന്നത്. 2010-ല്‍ 42 ഉം 2016-ല്‍ 41.9 ഡിഗ്രി ചൂടും പാലക്കാട് രേഖപ്പെടുത്തിയിരുന്നു. കടുത്ത വേനലില്‍ അനുഭവപ്പെടുന്ന ഇത്രയും ഉയര്‍ന്ന ചൂട് ഫെബ്രുവരിയില്‍ത്തന്നെ രേഖപ്പെടുത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം
* ശരീരത്തിലെ നിർജ്ജലീകരണം തടയാൻ ഒരു കുപ്പിയിൽ എപ്പോഴും ശുദ്ധജലം കരുതുക
* പരമാവധി ശുദ്ധജലം കുടിക്കുക
* അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
* പകൽ നേരങ്ങളിൽ തുറസ്സായ സ്ഥലത്ത് ആയാസകരമായ ജോലികൾ പരമാവധി ഒഴിവാക്കുക
* ഒന്നിലധികം തവണ കുളിക്കുക