scorecardresearch
Latest News

Kerala Heat Alert: ഇന്നും വിയർക്കും; വേനൽ ചൂടിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Kerala Heat Alert: കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്

Summer Heat, Delhi, Kerala
ഫയൽ ചിത്രം

Kerala Heat Alert: തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ അവബോധവും പരിചരണവും ചികിത്സയും കൊണ്ട് ഗുരുതരമാകാതെ സംരക്ഷിക്കാന്‍ കഴിയും. അതിനാല്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. കഴിഞ്ഞ ദിവസം കൊല്ലം, തൃശൂർ ജില്ലകളിൽ 38 മുതൽ 39 ഡിഗ്രി സെൽസ്യസ് വരെ താപനില ഉയർന്നിരുന്നു. പാലക്കാട് കണ്ണൂർ കോട്ടയം ആലപ്പുഴ ജില്ലകളിലും 36 ന് മുകളിലാണ് താപനില. പല സ്ഥലങ്ങളിലും 40-41 ഡിഗ്രി സെൽസ്യസ് ചൂട് അനുഭവപ്പെടുന്നുണ്ട്.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും പുറത്ത് ജോലി ചെയ്യുന്നവരും നിർജലീകരണം തടയാൻ മുൻകരുതൽ സ്വീകരിക്കണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. വിയര്‍ക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം.
· ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.
· യാത്രാ വേളയില്‍ ഒരു കുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്.
· കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ മറ്റുപല രോഗങ്ങളുമുണ്ടാക്കും.
· നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
· 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
· പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
· ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
· ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
· വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
· ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
· ഫലങ്ങളും സാലഡുകളും കഴിക്കുക.
· ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

Also Read: പൊള്ളുന്ന വെയിൽ, ആറ് ജില്ലകളിൽ ജാഗ്രത; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Summer heat kerala warning in six districts