പത്തനംതിട്ട: ചാക്കോ വധക്കേസില്‍ മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പോലീസ് തിരയുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. മുസ്തഫയെന്ന പേരിലാണ് സുകുമാരക്കുറുപ്പ് സൗദിയിൽ കഴിയുന്നതെന്ന് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുന്ന കുറുപ്പിന് നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തുടരാനാണു തീരുമാനമെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചതായും വാർത്തയിൽ പറയുന്നു.
സൗദിയിലെ അല്‍-ഖസീമില്‍ ഏറെക്കാലം ചെലവഴിച്ച കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണു താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഒളിവില്‍ കഴിയുന്നതായി കേരളാ പൊലീസിനു മുമ്പേ സൂചന ലഭിച്ചിരുന്നെങ്കിലും രാജ്യാന്തര അന്വേഷണസംഘമായ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയില്ല.
മൂന്നു പതിറ്റാണ്ടിനിടെ, പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് അനേകം കഥകളാണ് കേരളീയസമൂഹത്തില്‍ പ്രചരിച്ചിരുന്നത്. ഇയാളെ പലയിടത്തും കണ്ടതായി പൊടിപ്പും തൊങ്ങലും കലര്‍ന്ന കഥകളാണ് പ്രചരിച്ചത്. എന്നാല്‍, നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍ അതെല്ലാം കെട്ടുകഥകളാണെന്നു കണ്ടെത്തി നിരാശപ്പെടാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ വിധി.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണു കുറുപ്പിനെതിരെയുള്ള കേസ്.