കോഴിക്കോട് : കഴിഞ്ഞ ദിവസം അസമിൽ കാണാതായ വ്യോമസേനയുടെ സുഖോയ് വിമാനം പറത്തിയത് കോഴിക്കോട് സ്വദേശി. പന്തീരാങ്കാവ് പന്നീയൂർകുളം സ്വദേശിയായ അച്ചുദേവ്(25) ആണ് കണാതായവരിലൊരാൾ. തേസ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായിരുന്നു. രണ്ട് പൈലറ്റുകളാണ് വിമാനത്തിലുണ്ടായിരുന്നത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റെയാള്‍. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.

അച്ചുദേവിനെ കാണാനില്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കൾ അസമിലേക്ക് തിരിച്ചിട്ടുണ്ട്. പന്നീയൂർകുളം വള്ളിക്കുന്ന് പറമ്പിൽ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഇവർ തിരുവനന്തപുരത്താണ് സ്ഥിരതാമസം.

ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. മാര്‍ച്ചില്‍ സുഖോയ്-30എംകെഐ ജെറ്റ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ തകര്‍ന്ന് വീണിരുന്നു. വിമാനം നിലംപതിക്കും മുമ്പ് രണ്ട് പൈലറ്റുകളും സാഹസികമായി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

ഹിന്ദുനസ്ഥാന്‍ എയറോനോട്ടിക്സിന്റെ ലൈസന്‍സോടെ റഷ്യയുടെ സുഖോയ് ആണ് വിമാനം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ