സൂര്യനെല്ലി കേസ് തീരുന്നതിന് മുമ്പ് തന്നെ സ്വയം പുകഴ്ത്തലിനും പി ജെ കുര്യനെ രക്ഷിച്ചെടുക്കാനും വേണ്ടി സിബി മാത്യൂസ് മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് സുജ സൂസൻ ജോർജ്. എഴുത്തുകാരിയും അധ്യാപികയുമായ സുജ ഇപ്പോൾ മലയാളം മിഷൻ ഡയറക്ടറാണ്. “ലൈംഗിക പീഡനകേസിലെ ഇരയെ ഇങ്ങനെ വീണ്ടും അപമാനിക്കരുത്, ലോകത്താകമാനം നിലനിൽക്കുന്ന കീഴ്‌വഴക്കവും നിയമവും സിബി മാത്യൂസ് ലംഘിച്ചിരിക്കുകയാണെന്ന്”  അവർ തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ  എഴുതുന്നു. സിബി മാത്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും സുജ പറയുന്നു.

നിർഭയം എന്ന ആത്മകഥയിൽ സൂര്യനെല്ലി കേസിനെ കുറിച്ചുളള പരാമർശങ്ങളാണ് വിമർശനങ്ങളും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുന്നത്. മുൻ ഡി ജി പിയും സംസ്ഥാനവിവരാവകാശ കമ്മീഷണറുമാണ് സിബി മാത്യൂസ്. ചാരക്കേസ്, സൂര്യനെല്ലി കേസ് എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥരിൽ സിബി മാത്യൂസും ഉൾപ്പെട്ടിരുന്നു.
nirbhayam, autobiography, sibi mathews,
നിർഭയം എന്ന പേരിൽ സിബി മാത്യൂസ് പ്രസിദ്ധീകരിച്ച ആത്മകഥയിലെ പരാമർശങ്ങളാണ് വിവാദമായി മാറിയത്. ഇതേ ആത്മകഥയിൽ നേരത്തെ ഐ എസ് ആർ ഒ  ചാരക്കേസിനെ കുറിച്ചുളള പരാമർശങ്ങളും വിവാദമായിരുന്നു. എന്നാൽ ചാരക്കേസുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ ഉളളതിനാൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും വിശദമാക്കിയിട്ടില്ലെന്നും സിബി മാത്യൂസ് പറഞ്ഞിരുന്നു. അതേ സമയം അതുപോലെ കോടതിയിൽ നിലനിൽക്കുന്ന സൂര്യനെല്ലി കേസിനെ കുറിച്ചുളള പരാമർശങ്ങളാണ് വിവാദമായിട്ടുളളത്. നേരത്തെ ഈ​കേസിൽ കുര്യനെ ഉൾപ്പെടുത്താൻ കോൺഗ്രസ്സിനുളളിലെ താൽപര്യ സംഘർഷം മൂലം ശ്രമമുണ്ടായതെന്ന് സിബി മാത്യൂസിന്റെ അവകാശവാദത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിഷേധിച്ചിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഈ കേസ് വീണ്ടും സജീവമായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരായിരുന്നു. തിരുവഞ്ചൂരിനെ മാറ്റി രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് സിബി മാത്യൂസ് ഈ ആരോപണം ഉന്നയിച്ചത് എന്ന വാർത്തയെ തുടർന്നായിരുന്നു തിരുവഞ്ചൂരിന്റെ ഈ വിഷയത്തിലെ പ്രതികരണം ഉണ്ടായത്.

സുജ സൂസൻ ജോർജിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

അടുത്തൂണാകുമ്പോൾ ഉദ്യോഗത്തിലിരുന്നപ്പോഴുള്ള വീരകഥകൾ പറഞ്ഞ് ഞെളിയുക പലരുടെയും ഒരു വിനോദമാണ്. ഞാനൊരു വെടിയാലൊരു നരിയെ എന്ന മട്ടിലായിരിക്കും ഈ വീരസ്യങ്ങളൊക്കെ. അല്പം വിവാദം കൂടെ സംഘടിപ്പിക്കാനായാൽ പത്തു പുസ്തകം കൂടുതല്‍ വില്ക്കാം.. കൂടെയുണ്ടായിരുന്നവരെ കുറ്റം പറയാനാണ് പരദൂഷണ സ്വാഭാവമുള്ള ഇത്തരം ആത്മപ്രശംസകൾ കൂടുതലും ശ്രമിക്കുന്നത്.
പക്ഷേ, പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ഈ അടുത്തൂൺ വിനോദം ബാധിക്കുമ്പോൾ അതൊരു ഗൌരവമുള്ള പ്രശ്നമാണ്.
അടുത്തൂണായ പോലീസ് ഓഫീസര്‍ സിബി മാത്യൂസും നിർഭയം എന്നു പേരിട്ട പുസ്തകത്തിൽ ഇതു തന്നെയാണ് ചെയ്യുന്നത്. സൂര്യനെല്ലി പെൺകുട്ടി എന്നു വിളിക്കപ്പെടുന്ന സ്ത്രീയെക്കുറിച്ച്, കേരളചരിത്രത്തിലെ ഏറ്റവും നീചമായ ഒരു പെൺവേട്ടയിലെ ഇരയെക്കുറിച്ച് ഇദ്ദേഹം നടത്തുന്ന ഉദീരണങ്ങൾ ആ പാവത്തിനെ ഒരിക്കൽ കൂടെ ബലാത്സംഗം ചെയ്യുന്നതായി.
അപമാനിതരായി, ഒറ്റപ്പെട്ട്, കള്ളക്കേസിൽ കുടുക്കപ്പെട്ട് ഈ കുടുംബം കഴിഞ്ഞ പത്തൊമ്പത് വർഷം എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ഇന്ന് കേരളത്തിനറിയാം. പതിനെട്ടു വർഷത്തിനു ശേഷം കുറേ പ്രതികളെങ്കിലും ശിക്ഷിക്കപ്പെട്ടപ്പോഴാണ് ഈ കുടുംബത്തിന് അല്പമെങ്കിലും നീതി കിട്ടിയത്. കേരളസമൂഹവും ഈ കുട്ടിയോടും കുടുംബത്തോടും കനിവ് കാട്ടിത്തുടങ്ങി.
സിബി മാത്യൂസിൻറെ പൊങ്ങച്ച പ്രഘോഷണങ്ങൾ അതെല്ലാം തകർത്തിരിക്കുന്നു. നിറം പിടിപ്പിച്ചതും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ ആക്ഷേപിക്കൽ ഈ കുടുംബത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.ജോലി സ്ഥലത്തും പൊതു സ്ഥലത്തും അവൾ വീണ്ടും അപഹസിക്കപ്പെടുന്നു.
ഈ കേസ് ഇനിയും തീർന്നിട്ടില്ലെന്ന് നിങ്ങളോർക്കണം. പക്ഷേ, സ്വയം പുകഴ്ത്തലിനും പി ജെ കുര്യനെ രക്ഷിച്ചെടുക്കാനും വേണ്ടി വലിയമനുഷ്യാവകാശ ലംഘനമാണ് ഈ മുൻപോലീസുകാരൻ ചെയ്തിരിക്കുന്നത്. ഒരു ലൈംഗിക പീഡന കേസിലെ ഇരയെ ഇങ്ങനെ വീണ്ടും അപമാനിക്കരുത് എന്ന് ഇന്ത്യയിലും ലോകമാകെയും നിലനില്ക്കുന്ന കീഴ്വഴക്കവും നിയമവുമാണ് സിബി മാത്യൂസ് ലംഘിച്ചിരിക്കുന്നത്.
സിബി മാത്യൂസിനെതിരെ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്.
ഈ പെൺകുട്ടിയെ ചുറ്റും കൂടി വീണ്ടും പരിഹസിക്കുന്ന സഹപ്രവർത്തകർകരോടും ചുറ്റുപാടുമുള്ളവരോടും കൂടെ ഒരു വാക്ക്. നിങ്ങൾ ചെയ്യുന്നത് അക്രമവും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമാണ്. ഇത് നിറുത്തിയില്ലെങ്കിൽ നിങ്ങൾക്കെതിരെയും നടപടി എടുക്കേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.