കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. കോളേജില്‍ നിന്നും പ്രധാന ഗേറ്റ് കടന്ന് പുറത്തേക്ക് വേഗത്തില്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് കിട്ടിയത്. രാഖി പോകുന്നത് ആരും കണ്ടില്ലെന്ന് ഖണ്ഡിക്കുന്നതാണ് ഈ തെളിവ്. പ്രധാന കവാടത്തിനടുത്ത് കാവല്‍ക്കാരനടക്കം മൂന്ന് പേര്‍ രാഖി പോവുന്നത് ശ്രദ്ധിക്കുന്നതും വീഡിയോയില്‍ കാണാം. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് പോയതിന് ശേഷമാണ് രാഖി ആത്മഹത്യ ചെയ്തത്.
രാഖി വിഷമത്തോടെ കരഞ്ഞുകൊണ്ടാണ് കോളേജിൽ നിന്നും ഇറങ്ങിയോടിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചത്.

കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം.

കോളേജില്‍ നിന്നും ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്‌എന്‍ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നിലേക്ക് വിദ്യാര്‍ത്ഥിനി ചാടിയത്. രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവരെത്തുന്നതിന് മുന്നെ രാഖികൃഷ്ണയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ