തിരുവനന്തപുരം: കനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജർ തൃശൂർ സ്വദേശിനി കെ.എസ്. സ്വപ്ന തൊഴിലിടത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാനേജ്‌മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശിപാർശ ചെയ്തു. ഇതുസംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞയാഴ്ച കൈമാറിയതായി വനിതാ കമ്മിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ബാങ്കിനു തൃശൂർ ജില്ലയിൽ നിരവധി ശാഖകളുണ്ടായിരുന്നിട്ടും കണ്ണൂര്‍ തൊക്കിലങ്ങാടിയിലേക്ക് സ്ഥലംമാറ്റിയ മാനേജ്‌മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. ഭര്‍ത്താവ് മരിച്ച, വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു സ്വപ്ന.
Read Also: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ, പൊതുഗതാഗത നിയന്ത്രണമില്ല
ദാരുണമായ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തില്‍ കനറാബാങ്ക് മാനേജ്‌മെന്റിനെതിരേ സാധ്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷന്‍ സർക്കാരിനോട് ശിപാർശ ചെയ്തത്. ബാങ്കിങ് ഉള്‍പ്പെടെയുള്ള തൊഴില്‍മേഖലയിലെ മാനസിക സമ്മര്‍ദം അനിയന്ത്രിതമാകാതിരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയില്‍ സമിതിയുടെ നിയമനത്തിനുള്ള നിയമനിര്‍മാണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിഷന്‍ ശിപാർശ ചെയ്തു.
തൃശൂര്‍ മണ്ണുത്തി സ്വദേശിയായ കെ.എസ് സ്വപ്നയെ ഈ മാസം ഒമ്പതിനാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന സ്വപ്നയെഴുതിയ കുറിപ്പ് കണ്ടെത്തിയിരുന്നു. രണ്ട് വർഷം മുൻപ് ഭർത്താവ് മരിച്ച സ്വപ്ന രണ്ട് കുട്ടികളുമായാണ് താമസിച്ചിരുന്നത്.