/indian-express-malayalam/media/media_files/uploads/2021/06/crime8.jpg)
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആരോപണം. മടുത്തുമൂഴി സ്വദേശിയും സിപിഎം അനുഭാവിയുമായ ബാബു മേലേതി(64)ലാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ബാബുവിന്റേതായി പുറത്ത് വന്ന ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കളായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസ്സികമായി പീഡിപ്പിച്ചു എന്നാണ് പറയുന്നത്. വെയിറ്റിങ് ഷെഡിനായി പഞ്ചായത്ത് ബലമായി രണ്ട് സെന്റ് സ്ഥലം പിടിച്ചെടുത്തു എന്നാണ് ആരോപണം. കത്തിലെ കയ്യക്ഷരം ബാബുവിന്റെ തന്നെയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
താനൊരു സിപിഎം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നു. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ആരോപണത്തില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ പ്രതികരിച്ചു. പഴയ വെയിറ്റിങ് ഷെഡ് പൊളിച്ചു പണിയാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ബാബു സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ ആ സ്ഥലം അളന്ന് കൊടുത്ത് വിഷയം അവസാനിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.