തിരുവനന്തപുരം: ജപ്തി നടപടിയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു. തീകൊളുത്തിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. മകളും ബിരുദ വിദ്യാര്‍ഥിയുമായ വൈഷ്ണവി (19) ആദ്യം മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ച് ലേഖയും (44) മരണത്തിന് കീഴടങ്ങുകയായിരുന്നു.

നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കടയില്‍ സ്വദേശികളായ അമ്മയും മകളുമാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
Read More: വഴിയാധാരമാക്കുന്ന ബാങ്ക് നടപടിക്കെതിരെ സമരം: കുടംബനാഥ ഉൾപ്പടെയുളളവരെ അറസ്റ്റ് ചെയ്‌തു

കാനറ ബാങ്കില്‍ നിന്നാണ് കുടുംബം വായ്പ എടുത്തത്. അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പ ഒടുവില്‍ പലിശയടക്കം 7.80 ലക്ഷം രൂപയിലെത്തി. ഇത് തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. വായ്പ തിരിച്ചടക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നതായും അനുവദിച്ച സമയം ഇന്ന് പൂര്‍ത്തിയായെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കേസ് കൊടുത്തുവെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളറട സി.ഐക്കാണ് അന്വേഷണ ചുമതല.

ബാങ്ക് വായ്പ തിരിച്ചടക്കാൻ സമ്മർദം ചെലുത്തിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും കുടുംബം പറയുന്നു. എന്നാൽ, തങ്ങൾ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതർ അവകാശപ്പെടുന്നുണ്ട്.

വീട് പണിയുന്നതിനായി 15 വർഷം മുൻപാണ് കുടുംബം അഞ്ച് ലക്ഷം രൂപ വായപയെടുത്തതെന്ന് ഗൃഹനാഥൻ ചന്ദ്രൻ പറഞ്ഞു. ഇത്രയും വർഷത്തിനുള്ളിൽ എട്ട് ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. തിരിച്ചടവ് കൂടുതൽ സമയം ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുവദിച്ചില്ലെന്ന് ചന്ദ്രൻ പറയുന്നു. എട്ട് ലക്ഷം തിരിച്ചടച്ചതിനു ശേഷമുള്ള ആറ് ലക്ഷത്തി എൺപതിനായിരം രൂപയ്ക്ക് വേണ്ടിയാണ് ജപ്തി നോട്ടീസ് അയച്ചതെന്നും ചന്ദ്രൻ പറഞ്ഞു.

അതേസമയം, പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ആരുടെയും കിടപ്പാടം ജപ്തി ചെയ്യുന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടക്കാൻ ബാങ്ക് സമയം അനുവദിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ബാങ്കിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ബാങ്കിനെ അതൃപ്തി അറിയിച്ചു. ജനറൽ മാനേജറെ നേരിട്ട് വിളിച്ചാണ് റവന്യു മന്ത്രി സംഭവത്തിൽ അതൃപ്തി അറിയിച്ചത്. മോറട്ടോറിയം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജപ്തി നടപടിയെന്ന് മന്ത്രി ആരാഞ്ഞു.

ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ പറഞ്ഞു. എന്നാൽ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നൽകണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.