തിരുവനന്തപുരം: പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന നടക്കുന്ന സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സമരക്കാർ ആത്മഹത്യാ ഭീഷണി മുഴക്കി.
ജനുവരി 26 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ സമരം തുടരുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നു. ഇതിനിടെ ഉദ്യോഗാർത്ഥികളിൽ രണ്ടുപേർ തിങ്കളാഴ്ച ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
റാങ്ക്ലിസ്റ്റിൽ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീണ്‍കുമാര്‍ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. തുടർന്ന് പൊലീസ് മണ്ണെണ്ണ പിടിച്ചുവാങ്ങുകയും ഇരുവരെയും സമരവേദിയിൽ നിന്ന് നീക്കുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണെണ്ണയുടെ സാന്നിദ്ധ്യം ഒഴിവാക്കി.
Read More: ഇടത് സർക്കാരിന്റെ കാലത്തെ ബന്ധു നിയമനം; 17 പേരുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
രണ്ടാഴ്ചയോളമായി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുക, താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പിഎസ്സി റാങ്ക്ലിസ്റ്റിൽ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, റാങ്ക് ലിസ്റ്റിലുള്ളവർക്ക് എത്രയുംവേഗം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.