പമ്പ: ശബരിമല സന്നിധാനത്തേക്ക് പോയ ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തക സുഹാസിനി രാജിനെ അയ്യപ്പ ഭക്തർ തടഞ്ഞു. ഭക്തർ സുഹാസിനിയെ അറപ്പുളവാകുന്ന വാക്കുകളാൽ അധിക്ഷേപിച്ചെന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറഞ്ഞു. സഹപ്രവർത്തകനായ കായി ഷുൽറ്റ്സിനൊപ്പമാണ് സുഹാസിനി മല കയറാൻ എത്തിയത്.

പൊലീസ് സംരക്ഷണം നൽകാമെന്ന് ഉറപ്പുപറഞ്ഞെങ്കിലും പ്രതിഷേധം ഭയന്ന് സുഹാസിനി തന്നെയാണ് പിന്മാറാമെന്ന് പറഞ്ഞത്. ഷുൽറ്റ്സും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഇവർ ജോലി ആവശ്യത്തിനാണ് സന്നിധാനത്തേക്ക് പോകുന്നതെന്ന് പറഞ്ഞെങ്കിലും ഇതനുവദിക്കില്ലെന്ന് അയ്യപ്പ ഭക്തർ നിലപാടെടുക്കുകയായിരുന്നു.

ന്യൂയോർക്ക് ടൈംസിന്റെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പ്രതിനിധിയാണ് സുഹാസിനി രാജ്. ഷുൽറ്റ്സ് ഇന്ത്യയിലെ ന്യൂയോർക് ടൈംസിന്റെ പ്രതിനിധിയാണ്. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിനിയാണ് സുഹാസിനി. 2014 മുതൽ ഡൽഹി ബ്യൂറോ കേന്ദ്രീകരിച്ചാണ് സുഹാസിനി പ്രവർത്തിച്ച് വന്നിരുന്നത്.

പമ്പയിൽ നിന്നും കാനനപാതയിലൂടെയാണ് ഇരുവരും യാത്ര തുടങ്ങിയത്. കാനനപാതയുടെ ആരംഭത്തിൽ തന്നെ സുഹാസിനിയെ തടയാൻ ഒരു സംഘമാളുകൾ എത്തി. എന്നാൽ തൊട്ടുപിന്നാലെ പൊലീസ് സംഘം ഇവർക്ക് സുരക്ഷയൊരുക്കാനെത്തി. പത്തിലേറെ വരുന്ന പൊലീസ് സംഘം പിന്നീട് ഇവരെ അനുഗമിച്ചു.

പൊലീസ് സംഘത്തിനൊപ്പം സുഹാസിനി മുന്നോട്ട് പോവുകയായിരുന്നു. “ഞാൻ മാധ്യമപ്രവർത്തകയാണ്. സന്നിധാനത്തേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് പോകുന്നത്. തടഞ്ഞ ആളുകളെ അറിയില്ല. എന്താണ് തടയാൻ കാരണമെന്നും അറിയില്ല,” സുഹാസിനി പ്രതിഷേധക്കാരോട് പറഞ്ഞു.

ഇവർ ഇരുമുടിക്കെട്ട് തലയിലേന്തിയല്ല മല കയറാനെത്തിയത്. കായി ഷുൽറ്റ്സും കറുപ്പ് വസ്ത്രം ധരിക്കുകയോ മാലയിടുകയോ ചെയ്തിട്ടില്ല. സാധാരണ വസ്ത്രം ധരിച്ചാണ് ഇരുവരും മല കയറിയത്.

മരക്കൂട്ടത്തിനടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ മലയിറങ്ങി വന്ന അയ്യപ്പന്മാരാണ് സുഹാസിനിയെ തടഞ്ഞത്. ആദ്യം ശരണം വിളികളായിരുന്നെങ്കിലും പിന്നീട് ഇത് അസഭ്യവർഷമായി മാറുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ