തിരുവനന്തപുരം: മരണാനന്തരം തനിക്ക് ആദരവൊന്നും വേണ്ടെന്ന നിലപാടായിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരിക്ക്. മരണശേഷം ഒരു പൂവും തന്റെ ദേഹത്തുവയ്‌ക്കരുതെന്ന് സുഗതകുമാരി ജീവിച്ചിരിക്കുമ്പോൾ പറഞ്ഞിരുന്നു. മരണാനന്തരം എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നതിനെ കുറിച്ചെല്ലാം സുഗതകുമാരി തന്റെ ഒസ്യത്തിൽ എഴുതിവച്ചിരുന്നു.
“മരണശേഷം ഒരു പൂവും എന്റെ ദേഹത്തുവയ്‌ക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം,” സുഗതകുമാരി ഒസ്യത്തിൽ എഴുതി.
ശവപുഷ്‌പങ്ങൾ തനിക്ക് വേണ്ട എന്ന നിലപാടായിരുന്നു പ്രിയ കവയിത്രിയുടേത്. ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്‌പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. അതൊന്നും തനിക്ക് വേണ്ട എന്നായിരുന്നു സുഗതകുമാരി ജീവിച്ചിരിക്കുമ്പോൾ ആവർത്തിച്ച് പറഞ്ഞത്. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്‌നേഹം മാത്രം മതിയെന്നായിരുന്നു നിലപാട്.
Read Also: സുഗതകുമാരി: മലയാള കവിതയിലെ ഒരുകുടന്ന വെളിച്ചം
“മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം വീട്ടില്‍ എത്തിക്കണം. ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പൊലീസുകാർ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്. ശാന്തികവാടത്തില്‍ നിന്നുകിട്ടുന്ന ഭസ്‌മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം നൽകാൻ ഞാൻ ഏർപ്പാട് ചെയ്‌തിട്ടുണ്ട്. അനുശോചനയോഗമോ സ്‌മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട,” ഒസ്യത്തിൽ സുഗതകുമാരി വ്യക്തമാക്കി.
അതേസമയം, ഛായാചിത്രത്തിൽ പൂക്കൾ അർപ്പിച്ച് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. സംസ്‌കാര ചടങ്ങിനു ശേഷം അനുസ്‌മരണ ചടങ്ങ് നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സുഗതകുമാരിയുടെ സംസ്‌കാരം.
ഇന്ന് രാവിലെ 10.52 നാണ് സുഗതകുമാരിയുടെ മരണം സ്ഥിരീകരിച്ചത്. 87 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് ആന്തരിക അവയവങ്ങളെ ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തതാണ് മരണകാരണം.
Read Also: കവയിത്രി സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്
സംസ്കാരം ഇന്നു വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ. ഉച്ചയ്ക്ക് ഒന്നു മുതൽ പാളയം അയ്യങ്കാളി ഹാളിൽ ഛായാചിത്രത്തിനു മുന്നിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാം. സുഗതകുമാരിയുടെ കുടുംബാംഗങ്ങൾ ഹാളിലുണ്ടാവും. വൈകിട്ട് അഞ്ചിന് സാംസ്കാരിക വകുപ്പിന്റ ആഭിമുഖ്യത്തിൽ അയ്യൻകാളി ഹാളിൽ അനുശോചന യോഗം ചേരും.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്‍ എന്നറിയപ്പെടുന്ന കേശവ പിള്ളയുടെയും സംസ്‌കൃത പണ്ഡിതയും അധ്യാപികയുമായ വി.കെ. കാര്‍ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി മൂന്നിനു പത്തനംതിട്ട ആറന്മുള വാഴുവേലില്‍ തറവാട്ടിലായിരുന്നു ജനനം. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പരേതനായ ഡോ. കെ. വേലായുധന്‍ നായരാണു ഭര്‍ത്താവ്. മകള്‍: ലക്ഷ്മി. എഴുത്തുകാരിയും അധ്യാപികയും വിദ്യാഭ്യാസവിചക്ഷണയുമായ ഹൃദയകുമാരി, കവയിത്രി സുജാത ദേവി എന്നിവര്‍ സഹോദരങ്ങളാണ്.