തിരുവനന്തപുരം: കൊല്ലത്ത് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കി. സിപിഐയുടെ കൊടികുത്തല്‍ സമരം കാരണം വര്‍ക്ക് ഷോപ്പ് പണി തുടങ്ങാനാവാത്തതില്‍ മനംനൊന്തായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ കുടുംബത്തിന് അതേസ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങാമെന്ന് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കി.

സംഭവത്തിൽ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എഐവൈഎഫ് പണി തടസ്സപ്പെടുത്തിയത് കൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സുഗതന്‍റെ മരണം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസ്സപ്പെടുത്തിയതിനാലാണ് അയാൾ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയ്യിലെടുക്കാൻ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ‘ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ല. ഏത് പാർട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണം’, മുഖ്യമന്ത്രി പറഞ്ഞു.

സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവ് ഗിരീഷ് അടക്കമുളള സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ക്ക് ഷോപ്പിന് മുമ്പില്‍ കൊടി കുത്തിയതിന് നേതൃത്വം നല്‍കിയത് ഗിരീഷ് ആയിരുന്നു.

ഇളമ്പൽ പൈനാപ്പിൾ ജംങ്ഷനിൽ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തങ്ങളുടെ പിതാവിൽ നിന്നും പണം വാങ്ങിയിരുന്നെന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ മക്കൾ ആരോപിച്ചിരുന്നു. കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയ മന്ത്രി കെ.രാജുവിനോടാണ് മക്കളായ സുജിത്ത്, സുനിൽ എന്നിവർ ഇക്കാര്യം തുറന്നടിച്ചത്. എന്നിട്ടും ഷെഡ് നിർമ്മാണം അനിശ്ചിതമായി നീണ്ട് പോയതിൽ മനം നൊന്താണ് പിതാവ് ആത്മഹത്യ ചെയ്തത്.

പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതൻ (64) എന്ന പ്രവാസി മലയാളി കഴിഞ്ഞ വെളളിയാഴ്ച പുലർച്ചെയായിരുന്നു ഇളമ്പലിന് സമീപത്ത് നിർമ്മാണം മുടങ്ങി കിടന്ന ഷെഡിൽ തൂങ്ങി മരിച്ചത്. നിർമ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എഐവൈഎഫ് പ്രവർത്തകർ ഷെഡിന് മുന്നിൽ കൊടി കുത്തിയതിൽ മനം നൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ