ആലപ്പുഴ: ഡി.സുഗതനെതിരെ പൊട്ടിത്തെറിച്ച് വി.എം.സുധീരന്‍. കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ടെന്നും ഇവരാണ് ബിജെപിയേയും സിപിഎമ്മിനേയും സഹായിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ഇവരെ മാറ്റി നിര്‍ത്താതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും സുധീരന്‍ പറഞ്ഞു, ആലപ്പുഴയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലായിരുന്നു സുധീരന്റെ പ്രതികരണം.

സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും നേരത്തെ സുഗതന്‍ ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് സുധീരന്റെ പ്രതികരണം. വെള്ളാപ്പള്ളി നടേശനെ സുധീരന്‍ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു സുഗതന്‍ ഇറങ്ങിപ്പോയത്. പറഞ്ഞത് അനവസരത്തിലായത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് സുഗതന്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതന്‍ പറഞ്ഞു. അതേസമയം ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നായിരുന്നു സുധീരന്‍ പറഞ്ഞത്. എപ്പോഴും അഭിപ്രായം മാറുന്നയാളാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹത്തിന് വിശ്വാസ്യതയില്ലെന്നുമായിരുന്നു സുധീരന്റെ വിമര്‍ശനം. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിപരമായ വിയോജിപ്പില്ലെന്നും നിലപാടുകളോടാണ് എതിര്‍പ്പെന്നും സുധീരന്‍ പറഞ്ഞു.

വെള്ളാപ്പള്ളി സിപിഎമ്മിനൊപ്പമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ ബിജെപിക്ക് ഒപ്പമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും തങ്ങള്‍ക്ക് പ്രശ്‌നമൊന്നും വരാതെ നോക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.