കണ്ണൂർ: ആർഎസ്എസ് വിട്ട് സിപിഎമ്മിലെത്തിയ സുധീഷ് മിന്നി വിവാഹിതനായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആർ.അമൃതയാണ് വധു. കൂത്തുപ്പറമ്പിൽ വച്ചാണ് ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എ.എന്‍.ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു.

വർഷങ്ങളോളം ആർഎസ്എസിൽ പ്രവര്‍ത്തിച്ച സുധീഷ് ആർഎസ്എസ് വിട്ട് സിപിഎമ്മിലേക്ക് എത്തുകയായിരുന്നു. ഇപ്പോൾ സിപിഎം വേദികളിലെ തീപ്പൊരി പ്രാസംഗികൻ. ഇതൊക്കെയാണ് സുധീഷ് മിന്നിയുടെ ജീവിതം. നിലവിൽ സജീവ സിപിഎം പ്രവർത്തകനായ സുധീഷ് മിന്നി സോഷ്യൽ മീഡിയ ചർച്ചകളിലും, ചാനൽ ചർച്ചകളിലും നിറസാന്നിദ്ധ്യമാണ്.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആർ.അമൃതയാണ് വധു. കൂത്തുപ്പറമ്പ് മുനിസിപ്പൽ ഹാളിൽ വച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. സുധീഷ് മിന്നിയുടെ പുതിയ വീടായ ‘ഷെൽട്ടറി’ൽ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. കണ്ണൂരില്‍ സംഘപരിവാര്‍ വിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയവരില്‍ പ്രമുഖനാണ് ഈ ആയിത്തര മമ്പറം സ്വദേശി. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രചാരകനായി രാജ്യമൊട്ടുക്ക് സഞ്ചരിച്ച് സംഘപരിവാറിലേക്ക് ആളെക്കൂട്ടിയ ഒരാള്‍ അതുമായുള്ള ബന്ധം വിടര്‍ത്തുക എന്നത് അതിസാഹികമായ പ്രവൃത്തിയാണ്. ‘അരുംകൊലയ്ക്ക് അറപ്പില്ലാത്തവരാണ് അപ്പുറത്ത്. കൂട്ടംവിട്ട് ശത്രുപക്ഷത്ത് എത്തിയവനെ നശിപ്പിക്കാന്‍ ആര്‍എസ്എസ് ഏതറ്റംവരെ പോകുമെന്ന് എനിക്ക് അറിയാം.

ഏതു സമയത്തും ഒരു കത്തിമുന തന്റെ നേര്‍ക്ക് നീണ്ടുവരുമെന്നും അല്ലെങ്കില്‍ എല്ലാം തകര്‍ക്കുന്ന ഒരു ബോംബ് തന്റെ മുന്നിലുംവന്നു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുമെന്നും അറിയാം. പക്ഷേ ഭയമില്ല. മരിക്കുംവരെ ചെങ്കൊടി മാറോടടക്കിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരനായിരിക്കും’, സുധീഷ് നേരത്തേ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ