തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനാ പട്ടികയ്ക്കെതിരെ കടുത്ത വിമർശനവുമായി വി എം സുധീരൻ. പട്ടിക തയാറാക്കിയതിൽ നടന്നത് ഗ്രൂപ്പ് തലത്തിലുളള  വീതം വെയ്പാണെന്ന് മുൻ കെ. പി സി സി പ്രസിഡന്റ് വി എം സുധീരൻ. ഗ്രൂപ്പ് അതിപ്രസരമാണ് ഉണ്ടായത്. ഇനിയെങ്കിലും പുനഃപരിശോധന നടത്തി മുന്നോട്ട് പോകാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഹൈക്കമാൻഡ് അറിയിച്ചതിന് പിന്നാലെയാണ് സുധീരന്രെ കടുത്ത വിമർശനം ഉയരുന്നത്.

കടുംപിടുത്തം തുടർന്നാൽ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്ന കാര്യം കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെ അറിയിച്ചുവെന്ന് മുതിർന്ന നേതാവും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

282 പേരടങ്ങുന്ന കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരെ എംപിമാരും യുവജന-മഹിളാ നേതാക്കളും നല്‍കിയ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ചർച്ചകൾ പലവട്ടം നടന്നുവെങ്കിലും സമവായമുണ്ടാക്കാന്‍ സാധിച്ചില്ല. സംവരണ തത്വങ്ങൾ പാലിക്കാതെയുളള പട്ടിക അംഗീകരിക്കില്ലെന്ന സൂചന നേരത്തെ ഹൈക്കമാൻഡ് നൽകിയിരുന്നു.
പാർട്ടി ഭരണഘടന 33ശതമാനം സംവരണം നിർദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയിൽ അഞ്ച് ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33 ശതമാനം വനിതകൾ വേണമെന്നാണ് പാർട്ടി നിലപാട്. ഇതുപോലെ പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെ ഉയർന്ന പരാതികൾ പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, പട്ടികയിൽ ഹൈക്കമാൻഡ് ആവശ്യപ്പെടുന്ന മാറ്റങ്ങളുണ്ടാകുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു. ഭാരവാഹികളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡിന്  കൈമാറിയിട്ടുണ്ട്. പട്ടിക സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും ഹൈക്കമാന്റിനെ ധിക്കരിച്ച് ഒരു പിസിസിക്കും പ്രവർത്തിക്കാനാകില്ലെന്നും എം.എം ഹസൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ