കണ്ണൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസുമായി ബന്ധപ്പെട്ട കേസ് തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ച നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പരാതിക്കാരനായ ഷഹീർ ഷൗക്കത്തലിയുടെ കുടുംബവും നെഹ്റു ഗ്രൂപ്പ് അധികൃതരും പറഞ്ഞിട്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും സുധാകരൻ വ്യക്തമാക്കി.

“ജിഷ്ണു കേസ് അട്ടിമറിക്കാന്‍ ഞാന്‍ ചെറുവിരലനക്കിയിട്ടില്ല. ജിഷ്ണുവിന്‍റെ അമ്മയുടെ വേദന തന്‍റെ ഹൃദയത്തിലുണ്ട്. കൃഷ്ണദാസിന് വേണ്ടിയല്ല മധ്യസ്ഥം വഹിച്ചത്. ഷഹിര്‍ ഷൗക്കത്തലിയുടെ വിഷയം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല. കേസിൽ പ്രത്യേക ഒരു നയവും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. “ജിഷ്ണു കേസും ഷഹീര്‍ കേസും രണ്ടും രണ്ടാണ്. ഷഹീറിന്റെ കേസില്‍ വലിയൊരു തര്‍ക്കം തീരട്ടെ എന്ന് കരുതിയാണ് മധ്യസ്ഥം വഹിച്ചത്. രണ്ട് കക്ഷികളും ആവശ്യപ്പെട്ടത് കൊണ്ടാണ് മധ്യസ്ഥത വഹിച്ചത്.”, സുധാകരന്‍ വ്യക്തമാക്കി.

“കൃഷ്ണദാസ് കെഎസ്‍യുവിന്റെ പ്രവര്‍ത്തകനായിരുന്നു. കെഎസ്‍യുവിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടിക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബം കോണ്‍ഗ്രസ് ആയത് കൊണ്ട് തന്നെ തനിക്ക് നല്ല ബന്ധം ഉണ്ട്. നല്ല കാലത്ത് മാത്രം കൂടെ നില്‍ക്കുകയും മോശപ്പെട്ട കാലത്ത് അവരെ തളളിപ്പറയുകയും ചെയ്യുക എന്ന രാഷ്ട്രീയ അവസരവാദം താന്‍​സ്വീകരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. സി.പി.എമ്മുകാരെന്ന് പറയുന്ന ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി നല്‍കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ