ന്യൂഡൽഹി: ലോക നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ചില്ലെന്ന പേരിൽ ലോക അത്ലറ്റിക് മീറ്റിനുള്ള പട്ടികയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സുധ സിംഗിനും ദ്യുതി ചന്ദിനും ഗ്രീൻ കാർഡ്. അന്തിമ ഘട്ടത്തിലെ 26 അംഗ പട്ടികയിൽ ഇരുവരും ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതേ സമയം മലയാളി താരം ചിത്രയെ ഇപ്പോഴും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ദ്യുതി ചന്ദ് 100 മീറ്ററിലും സുധ സിംഗ് സ്റ്റീപിൾചേസിലുമാണ് മത്സരിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്നു സിലക്‌ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‍ലറ്റിക് ഫെഡറേഷൻ പ്രത്യേക സമ്മർദം ചെലുത്തി ടീമിലുൾപ്പെടുത്തുകയായിരുന്നു.

സുധയുടെ പേരുമാത്രം ഉൾപ്പെടുത്തി രണ്ടാമതൊരു എൻട്രികൂടി ഫെഡറേഷൻ സമർപ്പിച്ചു. ലോക ചാപ്യൻഷിപ്പിൽ പങ്കെടുക്കുന്ന അത്‍ലറ്റുകളുടെ പേരുകൾ ഇന്നലെ രാത്രി രാജ്യാന്തര ഫെഡറേഷൻ പുറത്തുവിട്ടതോടെയാണ് ഇക്കാര്യത്തിലെ കള്ളക്കളി പുറത്തായത്.

ഇന്ത്യൻ ടീമിന്റെ ലോക ചാംപ്യൻഷിപ്പ് എൻട്രികൾ ഈ മാസം 24 ന് അയച്ചുവെന്നും വൈകി അയയ്ക്കുന്നവ രാജ്യാന്തര ഫെഡറേഷൻ സ്വീകരിക്കില്ലെന്നുമായിരുണ് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ നിലപാട്. ചിത്രയ്ക്കൊപ്പം ടീമിൽ നിന്നു തഴയപ്പെട്ടപരിഗണിക്കാതിരുന്ന ദീർഘദൂര താരം അജയ്കുമാർ സരോജിനെയും രണ്ടാമത്തെ എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ