/indian-express-malayalam/media/media_files/uploads/2017/04/suci.jpg)
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന കുട്ടികൾക്ക് ജീവൻ പോവും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്ന് ജിഷ്ണു പ്രണോയി സംഭവം തെളിയിച്ചു. ഇതേ തുടർന്ന് ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണയുമായി മുന്നോട്ട് വന്ന കേരള സമൂഹത്തിന്റെ മനസാക്ഷിക്കേറ്റ തിരിച്ചടിയാണ് തങ്ങളുടെ അറസ്റ്റെന്ന് മിനി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ മിനി സർക്കാരിനെ കടന്നാക്രമിക്കുന്ന വിധത്തിലാണ് സംഭവത്തിൽ പ്രതികരിച്ചത്.
"ഈ അറസ്റ്റും ഗൂഢാലോചനയും എല്ലാം കേരള സമൂഹത്തിന് മേൽ കരിവാരിത്തേക്കുന്ന നടപടിയുണ്ടായെന്നാണ് തെളിയിക്കുന്നത്. അപ്രതീക്ഷിതമായാണ് സർക്കാരിർെ ഭാഗത്ത് നിന്ന് ഈ നടപടി ഉണ്ടായത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അറസ്റ്റ്." അവർ പറഞ്ഞു.
ഗൂഢാലോചന കുറ്റം സംബന്ധിച്ച ചോദ്യത്തിന്, ആ കുറ്റം ചെയ്തത് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസും കൂട്ടാളികളുമാണെന്ന് മിനി പറഞ്ഞു. "അതെ, വളരെ കൃത്യമായി ഗൂഢാലോചന നടത്തിയാണ് ജിഷ്ണു പ്രണോയിയെ കൊന്നത്. അതിന് ശേഷം തെളിവ് നശിപ്പിച്ചത്. എന്നാൽ കേരളത്തിലെ പൊതുസമൂഹം നടത്തിയ സമരത്തിന് പിന്നിൽ യാതൊരു ഗൂഢാലോചനയും മറയുമില്ലെന്നും"​അവർ വ്യക്തമാക്കി.
തങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എസ് യു സി ഐ പൊലീസ് ആസ്ഥാനത്തെ സമരം ഏറ്റെടുത്തതെന്ന് മിനി പറഞ്ഞു. "ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ സമരം ഏറ്റെടുത്തത്. ദീർഘകാലമായി വിദ്യാഭ്യാസ രംഗത്തെ കച്ചവടത്തിന് എതിരായ ഞങ്ങളുടെ നിലപാടുകളിൽ അടിയുറച്ച പിന്തുണയും ധൈര്യവും ഈ കുടുംബത്തിൽ നിന്ന് കണ്ടു. ഇതിനാലാണ് സമരത്തിന് പിന്തുണ നൽകിയതെന്നും അവർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
"എസ്.യു.സി.ഐ പൊലീസിനെ കല്ലെറിയാറില്ല, ബന്ദ് നടത്താറില്ല, കല്ലേറ് നടത്താറില്ല, യാതൊരു ഗൂഢാലോചനയും ഇതതുവരെ ഒരു കാര്യത്തിലും നടത്തിയിട്ടില്ല" എന്ന് മിനി പറഞ്ഞു. "പൊലീസ് ആസ്ഥാനത്തേക്ക് ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം നടന്നുപോവുകയായിരുന്നു ഞങ്ങൾ. പൊലീസ് വടം കെട്ടി ഞങ്ങളെ തടഞ്ഞു. ആദ്യം രണ്ട് പേർക്കെന്നും പിന്നീട് മൂന്നും നാലും പേർക്കെന്നും ഡിജിപി യെ കാണാൻ അവസരം ഉണ്ടാക്കാമെന്നാണ് പൊലീസ് പറഞ്ഞത്. അതൊരു ലേലം വിളിയായിരുന്നു." മിനി ആരോപിച്ചു.
"മഹിജ താൻ മകൻ നഷ്ടപ്പെട്ട അമ്മയാണെന്ന് പറഞ്ഞപ്പോൾ ഏറ്റവും പുറകിൽ നിന്നിരുന്ന മ്യൂസിയം എസ് ഐ ഞങ്ങളുടെ നേരെ പൊലീസുകാരെ തള്ളിയിടുകയായിരുന്നു. ഇതേ തുടർന്നാണ് മഹിജ താഴെ വീണത്. ഇവരെ ഉയർത്തിയെടുക്കാനാണ് ഞാൻ ശ്രമിച്ചത്. എസ്ഐ യാണ് പിന്നീട് മഹിജയെ ചവിട്ടിയതും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ ആക്രമിക്കുകയും ചെയ്തത്" എന്നും മിനി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us