ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെയും മകൻ തുഷാർ വെളളാപ്പളളിക്കെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു. കേരളത്തിലെ ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെളളാപ്പളളി നടേശന്റെ കുടുംബമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുഷാർ എൻഡിഎയുമായി ചേർന്നുനിൽക്കുന്നത് ഈഴവ സമുദായത്തെ സേവിക്കാനല്ല, മറിച്ച് എസ്എൻഡിപി പ്രസ്ഥാനത്തിൽനിന്നും സമ്പാദിച്ചുകൂട്ടിയ ആസ്തി നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ്. തിരഞ്ഞെടുപ്പു സമയത്ത് തുഷാർ സമർപ്പിച്ച നാമനിർദേശ പത്രികയിലുളളത് 1.80 കോടി രൂപയുടെ ആസ്തിയാണ്. തുഷാറിന് ഇപ്പോൾ 500 കോടിയുടെ ആസ്തിയുണ്ടെന്നും വാസു പറഞ്ഞു.
തുഷാർ വെളളാപ്പളളിയും കുടുംബവും എൻഡിഎയെ വഞ്ചിച്ചു. വെളളാപ്പളളി നടേശൻ സിപിഎമ്മുമായി ഒത്തുകളിച്ചു. ഇരുവർക്കും സിപിഎമ്മുമായി സാമ്പത്തികവും അല്ലാതെയുമുളള കൂട്ടുകെട്ടുണ്ട്. അരൂർ, ആലപ്പുഴ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വെളളാപ്പളളി സിപിഎമ്മിന് വോട്ട് മറിച്ചു.
2002 നുശേഷം വെളളാപ്പളളി നടേശൻ 1000 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചു. കേരളത്തിലുണ്ടായ പല കൊലപാതകങ്ങളിലും വെളളാപ്പളളിയുടെ കരമുണ്ട്. കൊലക്കേസിലുളള വെളളാപ്പളളി കുടുംബത്തിന്റെ പങ്ക് വെളിപ്പെടുത്തും. വെളളാപ്പളളി കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാതാക്കുന്ന തെളിവുകൾ എന്റെ കൈവശമുണ്ട്. വെളളാപ്പളളിയുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ 16 ന് ടിപി സെൻകുമാർ വെളിപ്പെടുത്തും.
ബിഡിജെഎസ് പ്രസിഡന്റ് ഇപ്പോഴും താൻ തന്നെയാണ്. രേഖകൾ പ്രകാരം ഇപ്പോഴും എനിക്കാണ് ചുമതല. യോഗം നടക്കുമ്പോൾ പ്രസിഡന്റായി അഭിനയിക്കുകയാണ് തുഷാർ ചെയ്യുന്നത്. എസ്എൻഡിപി തിരഞ്ഞെടുപ്പിൽ ഇലക്ടോണിക് വോട്ടിങ് സംവിധാനം നടപ്പിലാക്കാൻ വെല്ലുവിളിച്ച സുഭാഷ് വാസു എസ്എൻഡിപി യോഗത്തിൽനിന്ന് വെളളാപ്പളളി കുടുംബത്തെ പിഴുതെറിയുമെന്നും പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാണ്. എസ്എന്‍ഡിപിയില്‍ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിട്ടിരുന്നു. ഇതേത്തുടർന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സുഭാഷ് വാസു രാജിവച്ചിരുന്നു.