കൊച്ചി: ഇന്ത്യയുടെ സുഹൃദ് രാഷ്ട്രമായ ഇറാഖിനെതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്തെന്ന കേസിൽ സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി. ഐഎസ് കേസിൽ അറസ്റ്റിലായ സുബഹാനിയുടെ ശിക്ഷ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാർ തിങ്കളാഴ്ച വിധിക്കും.തിരുനെൽവേലി സ്വദേശിയായ സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഗുഡാലോചന കുറ്റവുമാണ് എൻഐഎ ചുമത്തിയത്.

2016 ഒക്ടോബർ ഒന്നിനാണ് സുബഹാനി അടക്കമുള്ളവർക്കെതിരെ എൻഐഎ കേസെടുത്തത്. നിരോധിത സംഘടനയായ ഐഎസിനു വേണ്ടി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ഒരു സംഘം യുവാക്കൾ പദ്ധതിയിടുന്നതായി ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് കേസെന്ന് എൻഐഎ പറഞ്ഞിരുന്നു. ഒക്ടോബർ 3ന് തിരുനൽവേലി ജില്ലയിൽ വസതിയിൽ നടത്തിയ റെയ്ഡിൽ സുബഹാനിക്കെതിരെ തെളിവുകൾ ലഭിച്ചതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

2015 ഏപ്രിലിൽ ഇന്ത്യ വിട്ട സുബഹാനി ഇറാഖിലെത്തി ഐഎസിൽ ചേർന്ന് പരിശീലനം തേടി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2015 സെപ്തംബറിൽ ഇന്ത്യയിൽ തിരികെയെത്തിയ സുബഹാനി രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതായും ശിവകാശിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നും എൻഐഎ അന്വേഷണ സംഘം പറഞ്ഞിരുന്നു.

2016 ഒക്ടോബർ 5 നാണ് സുബഹാനിയുടെ അറസ്റ്റ്. 2017 മാർച്ചിൽ കുറ്റപത്രം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.