അന്തരിച്ച മുതിർന്ന നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ ഓർക്കുമ്പോൾ നമ്മുടെ മനസുകളിലേക്ക് ആദ്യം ഓടിയെത്തുക ‘കല്യാണരാമൻ’ ആണ്. ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയും സുബലക്ഷ്‌മി മുത്തശ്ശിയും ഷാഫി സംവിധാനം ചെയ്ത കല്യാണരാമനിൽ വളരെ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്. കല്യാണരാമനിലെ മുത്തച്ഛനും മുത്തശ്ശിയും എന്നു പറഞ്ഞാണ് പലരും തങ്ങളെ ഇപ്പോഴും അറിയുന്നതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും സുബലക്ഷ്‌മി മുത്തശ്ശി പറഞ്ഞു. ഉണ്ണികൃഷ്‌ണൻ നമ്പൂതിരി തനിക്കു ഗുരുതുല്യനാണെന്നും അദ്ദേഹത്തിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നതായും സുബലക്ഷ്‌മി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“മരണവാർത്ത ഇപ്പോഴാണ് അറിയുന്നത്. കുറേ പേരായി എന്നെ വിളിക്കുന്നു. അദ്ദേഹത്തിന്റെ മരണം ഒരുപാട് വേദനിപ്പിക്കുന്നു. ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ ഞങ്ങൾ ഒരുമിച്ചാണ് കല്യാണരാമനിൽ ചെയ്തത്. അദ്ദേഹത്തിന്റെ ഓർമകൾ എപ്പോഴും ഉണ്ടായിരിക്കും,” സുബലക്ഷ്‌മി പറഞ്ഞു.
Read Also: നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു
“രാപ്പകലിലും കല്യാണരാമനിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. കല്യാണരാമനിലെ അഭിനയം ഞങ്ങൾക്ക് വലിയ പേര് ഉണ്ടാക്കി തന്നു. കല്യാണരാമനിലെ സെറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. നല്ലൊരു അഭിനേതാവാണ് അദ്ദേഹം. ചില രംഗങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ സംവിധായകൻ വിശ്രമിച്ചോളാൻ പറയും. എന്നാൽ, അദ്ദേഹം പോകില്ല. അവിടെ തന്നെ ഇരിക്കും. അഭിനയിക്കാൻ വളരെ ഇഷ്ടമുള്ള ആളാണ്. അഭിനയത്തോട് അദ്ദേഹത്തിനുള്ള താൽപര്യം നമ്മൾ കണ്ടുപഠിക്കണം. ഇനി നാളെ ചെയ്യാം, അല്ലെങ്കിൽ കുറച്ച് സമയം കഴിഞ്ഞ് ചെയ്യാം എന്നെല്ലാം ഡയറക്ടർ പറയും. പക്ഷേ, അദ്ദേഹം സദാസമയവും അഭിനയിക്കാൻ തയ്യാറാണ്. അദ്ദേഹത്തിന്റെ ഓർമകൾ എന്നും ഒപ്പമുണ്ടായിരിക്കും” മുത്തശ്ശി പറഞ്ഞു.
ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി ഇന്ന് വെെകീട്ടാണ് അന്തരിച്ചത്. 98 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവിഡ് മുക്തനായത്. ദേശാടനം, കല്യാണരാമൻ, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവയാണ് പ്രധാന സിനിമകൾ.
ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ആഴ്‌ചകൾക്ക് മുൻപാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി. ന്യൂമോണിയ മാറിയ ശേഷം വീട്ടിലെത്തി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.