scorecardresearch
Latest News

സുബൈര്‍ കൊലപാതകം: അക്രമി സംഘത്തിലെ രണ്ടു പേരെ കണ്ടതായി പിതാവ് അബുബക്കര്‍

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെ കാറിലെത്തിയ ഒരു സംഘം ആക്രമിച്ചത്

Subair Murder

പാലക്കാട്: എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ ആക്രമിച്ചത് രണ്ട് പേരാണെന്ന് പിതാവ് അബുബക്കര്‍. എന്നാല്‍ അക്രമി സംഘത്തില്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമായ മനസലാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. സുബൈറിനെ ആക്രമിച്ചത് നാല് പേരാണെന്നും അവര്‍ മുഖം മൂടി ധരിച്ചിരുന്നെന്നും സാക്ഷി മൊഴി പൊലീസിന് ലഭിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

”ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു കാര്‍ ഞങ്ങളെ ഇടിച്ചിട്ടത്. ഞാന്‍ സൈഡിലേക്ക് മറിഞ്ഞുവീണു, ഇടിയുടെ ആഘാതത്തില്‍ വണ്ടിയും സുബൈറും മുന്നോട്ടുപോയാണ് വീണത്. വീണതിന് ശേഷം അവര്‍ അക്രമിക്കുകയായിരുന്നു. ശേഷം അവര്‍ തിരിച്ച് മറ്റൊരു കാറില്‍ പോയി. അക്രമിസംഘത്തിലെ രണ്ടുപേരെയാണ് ഞാന്‍ കണ്ടത്. ബാക്കി എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല,” അബൂബക്കര്‍ പറഞ്ഞു.

കൊലപാതകവുമായ ബന്ധപ്പെട്ട് മറ്റു ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അക്രമികള്‍ സഞ്ചിരച്ച കാറുകളില്‍ ഒന്ന് നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്നാണ് പുതിയ കണ്ടെത്തല്‍. കൊല നടന്ന എലപ്പുള്ളിയില്‍ തന്നെ കാര്‍ ഉപേക്ഷിച്ചാണ് അക്രമി സംഘം രക്ഷപെട്ടത്. നിലവില്‍ ഈ കാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയിക്കപ്പെടുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെതിരെ ആക്രമണമുണ്ടായത്. ജമുഅ നമസ്കാരം കഴിഞ്ഞ മടങ്ങവെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ ആക്രമിച്ചത്. സുബൈറിന്റെ കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റതായാണ് പ്രാഥമിക നിഗമനം. സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

Also Read: Kerala Weather: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Subair murder two people attacked my son says abubakar