പാലക്കാട്: എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കാര്‍ കണ്ടെത്തി. കഞ്ചിക്കോടു നിന്നാണ് കാര്‍ പൊലീസ് കണ്ടെത്തിയത്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയിക്കപ്പെടുന്നത്. അതിനാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സുബൈറിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. വൈകുന്നേരമാണ് സംസ്കാരം. പ്രസ്തുത സാഹചര്യത്തില്‍ പാലക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. എഫ്ഐആറിലും ഇത് വ്യക്തമാക്കുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല.
സുബൈറിനെ ആക്രമിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിയാന്‍ കഴിയുമെന്ന് പിതാവ് അബുബക്കര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അക്രമികള്‍ സഞ്ചിരച്ച കാറുകളില്‍ ഒന്ന് നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്നാണ് പുതിയ കണ്ടെത്തല്‍. കൊല നടന്ന എലപ്പുള്ളിയില്‍ തന്നെ കാര്‍ ഉപേക്ഷിച്ചാണ് അക്രമി സംഘം രക്ഷപെട്ടത്. നിലവില്‍ ഈ കാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെതിരെ ആക്രമണമുണ്ടായത്. ജമുഅ നമസ്കാരം കഴിഞ്ഞ മടങ്ങവെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ ആക്രമിച്ചത്. സുബൈറിന്റെ കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റതായാണ് പ്രാഥമിക നിഗമനം. സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു.
Also Read: സുബൈര്‍ കൊലപാതകം: തുടര്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്ന് ഡിജിപിയുടെ നിര്‍ദേശം