മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി ജി.സുധാകരനാണ് ഓഫീസർമാർക്കെതിരെ നടപടി സ്വീകരിച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 27.02.2003 ല്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായി 19.06.2019 ന് ഓഫീസില്‍ എത്തിയ മധുസൂദനന്‍ എന്നയാള്‍ക്ക് നല്‍കിയ സേവനത്തില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയും രജിസ്ട്രേഷന്‍ വകുപ്പിനെതിരെയും പരാതിക്കാരൻ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് പരിഗണിച്ചാണ് മന്ത്രി നടപടി സ്വീകരിച്ചത്.

സമൂഹ മാധ്യമങ്ങളിലെ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് രജിസ്‌ട്രേഷന്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം കൊണ്ട് നല്‍കേണ്ട സേവനം ബോധപൂര്‍വ്വം മൂന്ന് ദിവസം കാലതാമസം വരുത്തിയതും ജീവനക്കാര്‍ മോശമായി പെരുമാറിയതുമാണ് നടപടിക്ക് കാരണം.

വിശദമായ അന്വേഷണത്തിനുശേഷം സേവനത്തിനായി ഓഫീസിൽ വന്നവരോട് മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് ഈ ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.