ഓസ്റ്റിൻ (ടെക്‌സാസ്) : ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ പ്രാരംഭത്തിലെ തുടങ്ങുവാന്‍ കഴിയുകയാണ് എങ്കില്‍  വര്‍ഷങ്ങള്‍ക്കുശേഷവും പ്രമേഹവുമായി ബന്ധപ്പെട്ട അനുബന്ധരോഗങ്ങള്‍ തടയുവാന്‍ കഴിയുമെന്ന് പഠനം. അനുബന്ധ രോഗങ്ങൾ തടയാൻ സാധിക്കുമെന്ന് മാത്രമല്ല,
അതോടൊപ്പം ചികിത്സാചിലവ് കുറയ്ക്കുവാനും, ഔഷധങ്ങളുടെ ഡോസ് സാധാരണ ഗതിയില്‍ പ്രമേഹരോഗികള്‍ക്ക് കൂട്ടിക്കൂട്ടി കൊടുക്കേണ്ടിവരുന്ന ഒരവസ്ഥ തടയുവാനും കഴിയുമെന്നും പഠനം പറയുന്നു.
ആഗോള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്റോക്രൈനോളജിസ്റ്റ്‌സ് സമ്മേളനത്തില്‍ ഡോ. ജ്യോതിദേവ്  കേശവദേവ്  അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രമേഹരോഗചികിത്സയില്‍ പ്രാരംഭത്തിലെ തന്നെ ചെറിയതോതില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ജ്യോതിദേവ് അവതരിപ്പിച്ച മറ്റൊരു പഠനം. പന്ത്രണ്ട് വര്‍ഷക്കാലത്തെ നിരീക്ഷണത്തില്‍ നിന്നു തെളിഞ്ഞത്,
പ്രമേഹരോഗം കണ്ടെത്തുന്ന വേളയില്‍ തന്നെ രോഗികളില്‍ 70 ശതമാനത്തോളം ഇന്‍സുലിന്റെ ഉത്പാദനം നിലച്ചു കഴിഞ്ഞിരിക്കും. ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ തുടങ്ങുവാന്‍ പലപ്പോഴും വൈകുന്നത് രോഗികളുടെ ഭാഗത്തുനിന്നുളള മാനസികമായ ഒരു തടസ്സം കാരണമാണ്. ഈ തടസ്സം മറികടക്കുവാന്‍ വിജയകരമായി കഴിയുകയാണെങ്കില്‍ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ കഴിയുകയാണെങ്കില്‍പ്പോലും ഇന്‍സുലിന്റെ ഡോസ് അധികമാകാതെ പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുവാന്‍ കഴിയും. അനിയന്ത്രിതമായ പ്രമേഹമുളളപ്പോള്‍ ഗുളികകളുടെ ഡോസ് കൂട്ടുകയും ഒന്നിലധികം ഗുളികകള്‍ ഒരുമിച്ചു നല്‍കുകയും ചെയ്യുന്ന പ്രവണത ഭാവിയിലെ ചികിത്സാചെലവ് ധാരാളം കൂട്ടുന്നതായും പഠനം കണ്ടെത്തി.

ആഗോള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്റോക്രൈനോളജിസ്റ്റ്‌സ് സമ്മേളനത്തില്‍ വച്ച് അമേരിക്കന്‍ കോളേജ് ഓഫ് എന്റോക്രൈനോളജി, ഡോ. ജ്യോതിദേവിന് ഫെല്ലോഷിപ്പ് നല്‍കി. പ്രമേഹവും അനുബന്ധരോഗങ്ങളും ചികിത്സാ സംബന്ധിയായ നിരവധി ഗവേഷണങ്ങള്‍ പ്രസീദ്ധികരിച്ചതിനാണ് ഈ അംഗീകാരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.