തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ജനങ്ങളില്‍ അടിസ്ഥാന അവബോധം സൃഷ്ടിക്കുന്നതിനായി സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഭരണഘടനാ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ 26 മുതല്‍ ഭരണഘടന നിലവില്‍വന്ന ജനുവരി 26 വരെ രണ്ടുമാസം നീണ്ടുനില്‍ക്കുന്നതാണ് പരിപാടി.

ജനകീയ പങ്കാളിത്തതോടെ സംസ്ഥാനത്ത് വിപുലമായി സംഘടിപ്പിക്കുന്ന യജ്ഞത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ഭരണഘടന യെക്കുറിച്ചുളള അടിസ്ഥാന ആശയങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുമ്പോഴും ജാതീയമായ വിവേചനങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു സാമൂഹ്യസാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നത്.

നവംബര്‍ 26ന് തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും. ഭരണഘടനാ നിര്‍മ്മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം എന്നിവ സംബന്ധിക്കുന്ന ഭരണഘടനാ ഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള ജനകീയ വിദ്യാഭ്യാസ പരിപാടിയാണിതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഇതിനായി നിയമ വിദഗ്ധരുടെ സഹായത്തോടെ 16 മുതല്‍ 20 വരെ പേജുകളുള്ള ലഘുപുസ്തകം തയ്യാറാക്കും.

സാക്ഷരതാമിഷന്റെ 70000 ത്തോളം വരുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കും. ഇവരുടെ പഠനാനുബന്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്. ഒരു പഠിതാവ് തന്റെ വീടിന് സമീപമുള്ള പതിനഞ്ച് വീടുകളില്‍ ഒരാള്‍ എന്ന ക്രമത്തില്‍ ക്ലാസ് നല്‍കും. അധ്യാപകരായും സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരായും അയ്യായിരത്തോളം പേര്‍ സാക്ഷരതാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി ഭരണഘടനാ സാക്ഷരതയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക കൂട്ടായ്മകള്‍ വാര്‍ഡുകളില്‍ സംഘടിപ്പിക്കും. ഇതിനായി നിലവില്‍ തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാക്ഷരതാസമിതികളുടെ സേവനം ലഭ്യമാക്കും.

സാക്ഷരതാമിഷന്റെ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി വാര്‍ഡ് തലത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് ഭരണഘടനാ സാക്ഷരതാ പരിപാടി ശക്തമാക്കാനും ലക്ഷ്യമിടുന്നു. 2000 പ്രേരക്മാരുടെ നേതൃത്വത്തിലാണ് ഇത്രയും തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നത്. നിയമവിദ്യാര്‍ഥികള്‍, സാമൂഹികശാസ്ത്ര വിദ്യാര്‍ഥികള്‍, സ്‌കൂളിലും കോളജുകളിലും സര്‍വ്വ കലാശാലകളിലും നിയമവും സാമൂഹികശാസ്ത്രവും കൈകാര്യം ചെയ്യുന്ന അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ സന്നദ്ധസേവനം പ്രാദേശിക തലത്തില്‍ വിനിയോഗിക്കും.

സാമൂഹിക സാക്ഷരതാ പദ്ധതികള്‍ വിപലുമാക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനാ സാക്ഷരത അനിവാര്യ വിഷയമായി കണക്കിലെടുത്ത് സംസ്ഥാനത്ത് ഇത്തരത്തിലൊരു ജനകീയ യജ്ഞം സംഘടിപ്പിക്കുന്ന തെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.