scorecardresearch

എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു; 19 വിദ്യാര്‍ഥികളില്‍ രോഗലക്ഷണം

രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്.

എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു; 19 വിദ്യാര്‍ഥികളില്‍ രോഗലക്ഷണം

കൊച്ചി:എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

62 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളില്‍ ചിലര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ടു സാമ്പിളുകളും പോസിറ്റീവായി. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ ആരോഗ്യവകുപ്പില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.

രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറി ക്ലാസുകള്‍ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛര്‍ദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളില്‍ കണ്ടത്. ഇവരില്‍ ചിലരുടെ മാതാപിതാക്കളിലും സമാന ലക്ഷണങ്ങള്‍ കണ്ടിരുന്നു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ജില്ലയില്‍ നോറോ വൈറസ് : പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഓണ്‍ലൈനായി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.സൂപ്പര്‍ ക്ലോറിനേഷനുള്‍പ്പെടെ യുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിരീക്ഷണത്തില്‍ തുടരുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്താണ് നോറോ വൈറസ്

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരത്തിനു മുമ്പും, ടോയ്ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്. കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Students tested norovirus positive in a private school in kakkanad