ലക്കിടി: അധ്യാപകർ അനിശ്ചിതകാല സമരം തുടങ്ങിയതോടെ ക്ലാസ് മുടങ്ങിയ നെഹ്റു ഗ്രൂപ്പിന്റെ ലക്കിടി ജവഹർലാൽ എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥികൾ സ്വയം പഠനം തുടങ്ങി. ജിഷ്ണു പ്രണോയി മരിച്ച നിലയിൽ കാണപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാനടക്കം അഞ്ച് പേരെ പ്രതികളാക്കിയതിനെ തുടർന്ന് ഇവിടെയും വിദ്യാർത്ഥികൾ അധ്യാപകർക്കെതിരെ രംഗത്ത് വന്നിരുന്നു.

ജിഷ്ണു പ്രണോയിക്ക് ആദരമർപ്പിച്ച് സഹപാഠികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിനെ തുടർന്നാണ് ലക്കിടി കോളജിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് വിദ്യാർഥികൾ പറഞ്ഞു. “‘ടെക് ഫെസ്റ്റിന്റെ ഒരു പോസ്റ്റർ ക്യാംപസിനകത്ത് ഒട്ടിച്ചിരുന്നു. ഇത് ഒരു അധ്യാപിക കീറിക്കളഞ്ഞു. ഇതോടെ കോളജിന്റെ പല ഭാഗത്തും വിദ്യാർഥികൾ പോസ്റ്ററൊട്ടിച്ചു. ഇതേ തുടർന്നാണ് അധ്യാപകർ സമരത്തിന് പോയത്” എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബിനേഷ് പറഞ്ഞു.

ടെക് ഫെസ്റ്റിന്റെ പോസ്റ്റർ ക്യാംപസിൽ പതിക്കുന്നത് ക്യാംപസിന്റെ സൽപ്പേരിന് കളങ്കം ചാർത്തുമെന്ന നിലപാടാണ് അധ്യാപകർക്കെന്നാണ് വിദ്യാർഥികളുടെ ആരോപണം. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിക്കൂട്ടിലുള്ളവരെ അനുകൂലിക്കുന്ന നിലപാടാണ് അധ്യാപകരുടേത്. ഇവർ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് ജസ്റ്റിസ് ഫോർ ജിഷ്ണു എന്ന ഫെയ്സ്ബുക്ക് പേജിൽ ആരോപിക്കുന്നു. തങ്ങളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏത് സ്ഥിരം അധ്യാപകനും ഗസ്റ്റ് അധ്യാപകനും ക്ലാസെടുക്കാനുള്ള ക്ഷണവും വിദ്യാർത്ഥികൾ മുന്നോട്ട് വച്ചു.​  ഇതിനെ അനുകൂലിച്ച് പല അധ്യാപകരും മുന്നോട്ട് വന്നിട്ടുണ്ട്.

സംഭവത്തിൽ സബ് കലക്ടർ ഉടൻ ഇടപെടുമെന്നാണ് വിവരം. വിദ്യാർഥി പ്രതിനിധികളുമായും കോളജ് അധികൃതരുമായും സബ് കലക്ടർ ചർച്ച നടത്തും. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് യോഗം. യോഗത്തിൽ അധ്യാപകരുടെ സമരം അവസാനിച്ചേക്കുമെന്ന ശുഭപ്രതീക്ഷ വിദ്യാർത്ഥികൾ പങ്കുവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ