കോഴിക്കോട്: എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികൾ കോഴിക്കോട്-വയനാട് പാത ഉപരോധിച്ചു. വിദ്യാർത്ഥികളെ മാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

വിദ്യാർത്ഥികൾ റോഡിൽ ടയറുകൾ കത്തിച്ചു. റോഡ് ഗതാഗതം തടസപ്പെടുത്താതെ പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ അതിന് തയ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ റോഡിൽ നിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ ചെറുത്തുനിന്നു. കാരന്തൂർ മർക്കസ് ഓഫീസിനു നേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. ഇതിൽ ഒരു വിദ്യാർത്ഥിക്കു പരുക്കേറ്റു. സ്ഥലത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി തങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യ കവാടത്തിന് മുന്നില്‍ തട്ടിപ്പ് ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തിവുകയായിരുന്നു. എഐസിടിയുടെ അംഗീകാരമുണ്ടെന്ന് പറഞ്ഞാണ് 2012ലും 13ലും 450 വിദ്യാര്‍ഥികള്‍ക്ക് പോളിടെക്നിക് കോഴ്സിന് പ്രവേശനം നല്‍കിയതെന്ന് സമരക്കാര്‍ പറയുന്നു. കോഴ്സ് കഴിഞ്ഞിറങ്ങിയപ്പോഴാണ് പിഎസ്സിയുടെയോ യുപിഎസ്സിയുടെയോ അംഗീകാരമില്ലെന്ന് മനസിലായത്. മര്‍ക്കസ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലാത്തതിനാല്‍ തുടര്‍ പഠനത്തിനും പ്രവേശനം ലഭിക്കുന്നില്ല. ഒന്നര ലക്ഷത്തോളം രൂപയാണ് ഒരോരുത്തരില്‍ നിന്നും ഫീസായി വാങ്ങിയത്. ഡല്‍ഹിയിലെ ഒരു സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റാണ് വിദ്യാർത്ഥികൾക്ക് നല്‍കിയത്. അതുതന്നെ കിട്ടാന്‍ ഒരു വര്‍ഷം കാത്തിരുന്നു.
അതിനിടെ കഴിഞ്ഞവര്‍ഷം പോളിടെക്നിക് കോളേജ് തന്നെ മര്‍ക്കസ് നിര്‍ത്തലാക്കി. അതിനു മുന്‍പേ ആദ്യബാച്ചുകളുടെ പ്രവേശനത്തോടെ കോഴ്സ് നിര്‍ത്തിയിരുന്നു. വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയിട്ടും നിഷേധാത്മക സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ