തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി, മതം എന്നിവ വ്യക്തമാക്കാതെ സ്കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ മതരഹിതരാണ്. 2017-18 അധ്യയന വര്‍ഷം ഒന്നു മുതല്‍ പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ കണക്കാണിത്.

ഡി.കെ.മുരളിയുടെ ചോദ്യത്തിന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥാണ് മറുപടി നല്‍കിയത്. 2017-18 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികളില്‍ 1,23,630 കുട്ടികളാണ് ജാതി-മതം കോളം പൂരിപ്പിക്കാതെ വിട്ടിരിക്കുന്നത്.

ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളുമാണ് ജാതി-മതം കോളം പൂരിപ്പിക്കാതെ വിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 9209 സ്കൂളുകളിലെ കണക്കാണിത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ജാതി, മതം എന്നിവയ്ക്കുളള കോളം പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയിട്ടില്ല. കുട്ടികള്‍ പ്രവേശനം നേടിയതിന്റെ സ്കൂള്‍ തിരിച്ചുളള കണക്കും നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ