ഉടുപ്പി: കര്‍ണാടകയിലെ ഉഡുപ്പി സെന്റ് മേരീസ് ദ്വീപില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോട്ടയത്തെ മംഗളം കോളജ് ഓഫ് എന്ജിനീറിങ്ങില് നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. പാറക്കെട്ടുകള്‍ക്ക് സമീപമായി നിന്നിരുന്ന വിദ്യാര്‍ഥികള്‍ ശക്തമായ തിരയടിച്ചപ്പോള്‍ കടലിലേക്ക് വീഴുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. മംഗളം കോളജിലെ അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് മരണപ്പട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി. അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന് റെജി എന്നിവരാണ് മരിച്ചത്.
മരണപ്പെട്ട വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകിട്ടാണ് രണ്ട് ബസുകളിലായി വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന 100 അംഗ സംഘം വിനോദയാത്രക്കായി കര്‍ണാടകയിലേക്ക് തിരിച്ചത്.
Also Read: Kerala Covid Cases 07 April 2022: സംസ്ഥാനത്ത് 291 പേര്‍ക്ക് കോവിഡ്; 2,398 സജീവ കേസുകള്‍