തൃശൂര്‍: അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കയത്തില്‍ മുങ്ങി മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇവര്‍ കുളിക്കാനായി പുഴയില്‍ ഇറങ്ങിയത്.
പത്തംഗ സംഘമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും ഇവര്‍ കയത്തില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് അടക്കമുള്ള സംഘങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല. യാത്രാവിലക്കേര്പ്പെടുത്തിയിരുന്ന സ്ഥലത്താണ് ഇവര്‍ കുളിക്കാനിറങ്ങിയതെന്നാണ് വിവരം.
പുഴയില്‍ വെള്ളം കുറവായിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കയത്തില്‍ ഇറങ്ങി പരിശോധിക്കുക എന്നത് പ്രായോഗികമായി എളുപ്പമായിരുന്നില്ല. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.