കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി-മുസിരിസ് ബിനാലെ പവലിയനില്‍ വച്ചായിരുന്നു സ്റ്റുഡന്റ്‌സ് ബിനാലെയുടെ സമാരംഭ ചടങ്ങ്.

സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 200 വിദ്യാര്‍ത്ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. സമകാലീന കലയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോളതലത്തിലെ മികവുറ്റ കലാകാരന്മാരുടെ പക്കല്‍ നിന്നും വിദഗ്‌ധോപദേശം ലഭിക്കുന്നതിനും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 2014 ല്‍ സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി ആഗോളതലത്തിലുള്ള വീക്ഷണവും പരിചയവും ലഭിക്കും.

ഇന്ത്യയ്ക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമായി 80 വിദ്യാലയങ്ങളില്‍ നിന്നുളള പ്രാതിനിധ്യം സ്റ്റുഡന്റ്‌സ് ബിനാലെയില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് 100 പ്രതിഷ്ഠാപനങ്ങള്‍ ഇവര്‍ പ്രദര്‍ശിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഏറ്റവും വലിയ വിദ്യാഭ്യാസ പരിപാടിയാണ് സ്റ്റുഡന്റ്‌സ് ബിനാലെയെന്ന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി 60 കോളേജുകളില്‍ നിന്ന് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിരവധി അപേക്ഷകളില്‍ നിന്നാണ് 100 സൃഷ്ടികള്‍ തെരഞ്ഞെടുത്തത്. ഇക്കുറി സൃഷ്ടികളൊരുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ബോസ് ചൂണ്ടിക്കാട്ടി.

മുന്‍കാലങ്ങളില്‍ പൊതു വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്റ്റുഡന്റ്‌സ് ബിനാലെയിലെ പങ്കാളിത്തമെന്ന് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാരിലൊരാളായ ശുക്ല സാവന്ത് ചൂണ്ടിക്കാട്ടി. ഇക്കുറി സമാന്തരമായി മറ്റ് വിദ്യാലയങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു. കലാകാരന്മാരുടെ സൃഷ്ടികളില്‍ പ്രാദേശിക സ്വാധീനം ഏറെയുണ്ട്. പക്ഷെ അവയുടെ അര്‍ത്ഥതലം വളരെ വിശാലമാണെന്നും അവര്‍ പറഞ്ഞു.

ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ആന്‍ഡ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്‌സ് ബിനാലെ സംഘടിപ്പിച്ചിട്ടുള്ളത്. ആഗോള സമകാലീന കലാലോകവുമായി താദാത്മ്യം പ്രാപിക്കുന്നതിന് യുവ കലാകാരന്മാര്‍ക്ക് മികച്ച അവസരമാണ് സ്റ്റുഡന്റ്‌സ് ബിനാലെ നല്‍കുന്നതെന്ന് ടാറ്റ ട്രസ്റ്റിന്റെ കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ മേധാവി ദീപിക സൊറാബ്ജി പറഞ്ഞു. നിലവിലെ സമകാലീന കലാധ്യായനത്തിലും രീതികളിലും സാവധാനത്തിലുള്ള മാറ്റം കൊണ്ടു വരണം. മാത്രമല്ല കലാപ്രബോധനത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാനും സ്റ്റുഡന്റ്‌സ് ബിനാലെയിലൂടെ കഴിയുന്നുവെന്ന് അവര്‍ പറഞ്ഞു.

സ്റ്റുഡന്റ്‌സ് ബിനാലെയുടെ ആദ്യ രണ്ട് ലക്കത്തിലും ടാറ്റ ട്രസ്റ്റിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നു. സ്റ്റുഡന്റ്‌സ് ബിനാലെയിലെ മികച്ച ക്യൂറേറ്റര്‍ക്കും കലാകാരന്മാര്‍ക്കും ദേശീയ പുരസ്‌കാരങ്ങള്‍ ടാറ്റ ട്രസ്റ്റ് നല്‍കുന്നുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ വീഡിയോ ലാബിനും ടാറ്റ ട്രസ്റ്റ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്‌പൈസസ്, കെവിഎന്‍ ആര്‍ക്കേഡ്, അര്‍മാന്‍ ബില്‍ഡിംഗ്, മട്ടാഞ്ചേരി അമ്പലം, വികെഎല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്‌സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. സമകാലീന കലാചരിത്രകാരിയായ ഗീത കപൂര്‍, ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ലോറന്‍ ലവ്‌ലേസ്, ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ഡയറക്ടര്‍ വിദ്യ ശിവദാസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞ നാലു മാസങ്ങള്‍ കൊണ്ട് 1500 അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികളെ സ്റ്റുഡന്റ്‌സ് ബിനാലെയിലേക്ക് തെരഞ്ഞെടുത്തത്. പ്രതിഭാധനരായ കലാകാര?ാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഇദം പ്രഥമമായി സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ അവതരിപ്പിക്കുന്നുണ്ട്. ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി 27 കലാകാരന്മാരുമാണ് പങ്കെടുക്കുന്നത്. ആകെ 10 പ്രതിഷ്ഠാപനങ്ങളാണ് ഇവര്‍ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ ഒരുക്കുന്നത്.

ബഹുമുഖമായാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കലാസൃഷ്ടി പ്രദര്‍ശനം, സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുള്ള ഗവേഷണം, തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയത്. സഞ്ജയന്‍ ഘോഷ്(വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത്(ജെ എന്‍ യു ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി പി കൃഷ്ണപ്രിയ, കെ പി റെജി, എം പി നിഷാദ് എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ