തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനികളെയും സുഹൃത്തിനെയും എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയെയും ജാനകിയെയും സുഹൃത്ത് ജിജീഷിനെയുമാണ് എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ചത്.

ക്യാംപസില്‍ വൈകുന്നേരം മൂവരും സംസാരിച്ചിരുന്നപ്പോൾ ഇവിടെയെത്തിയ എസ്എഫ്ഐ പ്രവർത്തകർ, ‘ഈ പെണ്‍കുട്ടികള്‍ അത്ര ശരിയല്ല’ എന്നും ഇവരോടൊപ്പം അത്ര ഇടപെടണ്ട എന്നും ജിജീഷിനോട് പറഞ്ഞതായി വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത സൂര്യയെയും സുഹൃത്തായ ജാനകിയെയും “നിങ്ങള്‍ കൂടുതല്‍ സംസാരിച്ചാല്‍ വാങ്ങിച്ചുകൂട്ടുന്നത് ഇവരായിരിക്കും” എന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇരുവരും പറഞ്ഞു. തുടർന്നായിരുന്നു മർദ്ദനം.

തസ്‌ലിം, സജിത്ത്, രജീഷ്, ഷബാന മുതലായവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദനമെന്ന് മൂവരും കന്റോൺമെന്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മർദനമേറ്റ ജിജീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ ക്യാംപസിന്റെ ഗേറ്റ് അടച്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

എന്നാൽ സംഭവത്തെ കുറിച്ച് എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രതിൻ പ്രതികരിച്ചത് ഇങ്ങിനെ.”തികച്ചും വ്യാജമായ വാർത്തകളാണ് പ്രചരിക്കുന്നത്. അവിടെ നടന്നത് നാടകോത്സവമല്ല. കോളേജ് യൂണിയന്റെ പരിപാടിയായിരുന്നു. അവിടെയായിരുന്നു വിദ്യാർത്ഥികളെല്ലാവരും. പൊളിറ്റിക്സ് വിഭാഗത്തിലെ ക്ലാസ് മുറിയിൽ ജിജേഷും ഒരു പെൺകുട്ടിയും സംസാരിച്ച് ഇരിക്കുകയായിരുന്നു. മറ്റൊരാൾ ക്ലാസിന് പുറത്തുമായിരുന്നു. പരിപാടിക്കിടയിൽ ക്ലാസ് മുറിയിൽ എത്തിയ ഷബാനയെ ക്ലാസിന് പുറത്ത് നിന്ന പെൺകുട്ടി ക്ലാസിൽ കയറാൻ സമ്മതിക്കാതെ തടഞ്ഞു. പിന്നീട് വാക്കുതർക്കമായപ്പോൾ വിദ്യാർത്ഥികൾ ഇടപെട്ടു. ഷബാനയ്ക്ക് ഒപ്പം നിന്ന വിദ്യാർത്ഥികളും മറ്റ് മൂവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ജിജേഷിനെ കാംപസിന് വെളിയിലേക്ക് ഇവർ പറഞ്ഞുവിടാൻ ശ്രമിക്കുന്നതിനിടയിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ഇവിടെ എത്തിയത്. ഒരു പറ്റം വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് ജിജേഷിനെ പുറത്തെത്തിച്ചത് എസ്.എഫ്.ഐ ഭാരവാഹികളാണ്. ഈ വിദ്യാർത്ഥികൾ ക്യാംപസിന് പുറത്ത് കടന്ന് ജിജേഷിനെ മർദ്ദിക്കാതിരിക്കാനാണ് ഗേറ്റ് അടച്ചത്. എന്നാൽ ഇത് തെറ്റായി പ്രചരിപ്പിക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം തന്നെ ഷബാന ഇവർക്കെതിരെ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ ഒറ്റ വിദ്യാർത്ഥിയെയും തള്ളിപ്പറയില്ല.”

ക്യാംപസിലെ എസ്എഫ്ഐയുടെ തെറ്റായ സമീപനങ്ങളെയും ഫാസിസ്റ്റ് മനോഭാവത്തെയും പരസ്യമായി എതിർത്തതാണ് മർദ്ദിക്കാനുള്ള കാരണമെന്ന് സൂര്യ ആരോപിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.