കൊച്ചി: അപൂർവ്വ ഉപാധിയോടെ വിദ്യാർഥികൾക്ക് മുൻകൂർ ജാമ്യം. കേസിൽ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ പാടില്ലെന്ന ഉപാധിയോടെയാണ് കോളജ് വിദ്യാർഥികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. പാലക്കാട് നെൻമാറ എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരായ അമീഷ, മണികണ്ഠൻ, എസ്. ശ്യാമേഷ്, എസ്. അജയകുമാർ, ആദർശ്, അക്ഷയ്, സുജിത്, അജിത്, എം. ശ്രീഹരി, രാകേഷ്, മുഹമ്മദ് അൻഫൽ, വി. വീരേന്ദ്രൻ, വി.എം വരുൺ എന്നിവർക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ അസാധാരണ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ വർഷം ഫെബ്രുവരി 21ന് ഉച്ചക്ക് രണ്ട് കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതികളാണിവർ. നിയമവിരുദ്ധമായി സംഘം ചേർന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ഇരുമ്പുവടി കൊണ്ട് അക്രമം നടത്തിയെന്ന കണ്ടെത്തിയ മൂന്ന് വിദ്യാർഥികൾക്കടക്കം ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കാര്യമായി എതിർത്തില്ല. ഇവരാരും മൂമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഇടപെട്ടവരല്ലെന്നതിെൻറ അടിസ്ഥാനത്തിലാണ് പ്രോസിക്യുഷൻ ഈ നിലപാടെടുത്തത്. പ്രതികളെല്ലാവരും 19നും 21നും ഇടയിൽ മാത്രം പ്രായമുള്ളവരാണെന്നതും മുമ്പ് കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടില്ലെന്നതും കണക്കിലെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ, കാമ്പസ് രാഷ്ട്രീയത്തിെൻറ പേരിൽ കോളജിലെ സമാധാനാന്തരീക്ഷം തകർക്കുന്ന അക്രമ പ്രവർത്തനമാണ് ഇവരിൽ നിന്നുണ്ടായതെന്നും ഇത്തരം പ്രവർത്തനങ്ങൾ കാമ്പസിനകത്ത് തുടരാൻ അനുവദിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
എതിർ വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെയാണ് ഇവർ അക്രമിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിെൻറ വിനാശകരമായ പ്രവണത കാമ്പസുകളിലെ സമാധാനാന്തരീക്ഷത്തെ മലിനമാക്കുകയാണ്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാലും സംഘടനാ പ്രവർത്തനം തുടരാൻ ഇവരെ അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിലവിലെ കേസിെൻറ നടപടിക്രമങ്ങൾ പൂർത്തിയാകും വരെ വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ഈ വിദ്യാർഥികളെ വിലക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ജാമ്യ ഉപാധികളിലൊന്നായി കൂട്ടിച്ചേർക്കുകയായിരുന്നു.അറസ്റ്റ് ചെയ്യുന്നപക്ഷം 35000 രൂപയ്ക്ക് സമാനമായ തുകക്കുള്ള രണ്ടാൾ ജാമ്യത്തിൽ പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ വിട്ടയയ്ക്കാനാണ് ഉത്തരവ്.അറസ്റ്റുണ്ടായില്ലെങ്കിൽ പത്ത് ദിവസത്തിനകം ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം.
മൂന്ന് മാസത്തേക്ക് എല്ലാ ഞായറാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം,
സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാനോ ചെയ്യരുത്, അന്വേഷണത്തെ ബാധിക്കുന്ന നടപടികൾ പാടില്ല, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം കീഴ്കോടതിക്ക് തുടർ നടപടി സ്വീകരിക്കാവുന്നതാണ്.