കോഴിക്കോട്: നീലേശ്വരം സ്‌കൂളില്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും നിലപാട്. അധ്യാപകര്‍ ക്രമക്കേട് നടത്തുന്നതിനെ കുറിച്ച് അറിയില്ലെന്നും പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർഥികള്‍ പറയുന്നു. സംഭവത്തില്‍ ഇന്ന് രാവിലെയാണ് കുട്ടികളുടേയും അധ്യാപകരുടേയും മൊഴി എടുത്തത്. ഹയര്‍ സെക്കന്‍ഡറി ജോയിന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളില്‍ എത്തിയാണ് മൊഴിയെടുത്തത്.

അതേസമയം, നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. അധ്യാപകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിച്ചു. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളില്‍ നിന്നും ഇന്ന് മൊഴിയെടുത്തത്.

Read More: ഉത്തരക്കടലാസ് തിരുത്തിയെഴുതി: പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി.മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.കെ.ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസ് 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്.

മുക്കം എസ്‌ഐ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണ നേരിട്ടെത്തിയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളുടെയും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെയും മൊഴിയാണ് എടുത്തത്. അധ്യാപകന്‍ പൂര്‍ണമായും പരീക്ഷയെഴുതിയ കുട്ടികളുടെ കാര്യത്തില്‍ വകുപ്പുതലത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ആര്‍ഡിഡി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.