മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർഥിനി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് പെണ്‍കുട്ടിയുടെ ആത്മഹത്യയെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇന്നലെയാണ് മൃതദേഹം വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്‌ണന്റെ മകൾ ദേവികയാണ് മരിച്ചത്. ഇന്നലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ ദേവികയ്‌ക്ക് സാധിച്ചില്ല. ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ മകൾക്ക് വലിയ സങ്കടമുണ്ടായിരുന്നതായും തങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും മാതാപിതാക്കൾ ആരോപിച്ചു. വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. ‘ഞാൻ പോകുന്നു’ എന്ന ഒറ്റവരിയാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്. പെൺകുട്ടി പഠിക്കാൻ മിടുക്കിയായിരുന്നു എന്നും ഓൺലെെൻ വിദ്യാഭ്യാസത്തിനായുള്ള സൗകര്യമൊരുക്കാൻ നടപടികൾ സ്വീകരിച്ചിരുന്നതായും ദേവികയുടെ അധ്യാപിക പറഞ്ഞു.

Read Also: അച്ഛനെ കുടുക്കിയത് സൂരജിന്റെ മൊഴി; 38 പവൻ സ്വർണം കുഴിച്ചിട്ടത് റബർ തോട്ടത്തിൽ

വീട്ടിലെ ടിവി പ്രവർത്തിക്കാത്തതും സ്‌മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് ആരോപണം. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറയുന്നു.

ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഓൺലെെൻ ക്ലാസുകൾ ആരംഭിച്ചത്. വിക്‌ടേഴ്‌സ് ചാനലിലും മറ്റ് ഓൺലെെൻ സംവിധാനങ്ങൾ വഴിയുമാണ് ക്ലാസുകൾ നടക്കുന്നത്. പരീക്ഷണമെന്ന വിധമാണ് ഇന്നലെ ക്ലാസുകൾ നടന്നത്. ഇന്നലെ നടന്ന ക്ലാസുകൾ നഷ്‌ടമായവർക്ക് ജൂൺ എട്ടിന് പുനഃസംപ്രേഷണം ഉണ്ടാകുമെന്നും ടിവിയും സ്‌മാർട്ട് ഫോണും ഇല്ലാത്ത വിദ്യാർഥികൾക്കായി ബദൽ സംവിധാനം ഏർപ്പാടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.