കൊല്ലം: വിദ്യാർഥിനിയുടെ മരണത്തെത്തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ച കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂൾ നാളെ തുറക്കും. ജില്ല കളക്ടറുടെ നേത്രത്വത്തിൽ നടന്ന യോഗത്തിലാണ് സ്ക്കൂൾ നാളെ തുറക്കാൻ ധാരണയായത്. പൊലീസ് സംരക്ഷത്തിലായിരിക്കും നാളെ ക്ലാസുകൾ ആരംഭിക്കുക. അധ്യാപകർക്കും വിദ്യാർഥികൾക്കും കൗൺസിലിങ് നൽകിയതിന് ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക.

അതേസമയം ഗൗരിയുടെ മരണത്തിൽ പ്രതികളാക്കപ്പെട്ട അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അജിത ബീഗം യോഗത്തിൽ ഉറപ്പ് നൽകി. കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നും പൊലീസ് മേധാവി ഉറപ്പ് നൽകി.

എന്നാൽ ഗൗരിയുടെ മരണത്തിൽ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയ 2 അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയാൻ നാളത്തേക്ക് മാറ്റുകയായിരുന്നു.

സ്കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടർന്ന് കഴിഞ്ഞ വെളളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ ഗൗരി സ്കൂൾ കെട്ടിടത്തിന്റ മൂന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണത്തിന് കീഴടുങ്ങുകയായിരുന്നു. ഗൗരിയുടെ ക്ളാസ് ടീച്ചർ ക്രെസന്റ്, അനിയത്തി പഠിക്കുന്ന എട്ടാം ക്ളാസിലെ ക്ലാസ് ടീച്ചർ സിന്ധു എന്നിവർക്കെതിരെയാണ് കേസെടുത്തത്. അധ്യാപികമാർ ഇപ്പോൾ ഒളിവിലാണ്. വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോപിതരായ അധ്യാപികമാരെ സ്ക്കൂൾ മാനേജ്മെന്റ് പുറത്താക്കിയതുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ